ദേശീയ വനിതാ പത്രപ്രവർത്തക കോൺക്ലേവ് ഫെബ്രുവരി 18-ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 18, 19 തീയതികളിലായി തലസ്ഥാനത്ത് ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ദ്വിദിന കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 18 ന് രാവിലെ 11.30 ന് മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

വി കെ പ്രശാന്ത് എംഎല്‍.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. മേയര്‍ ആര്യാ രാജേന്ദ്രനും മാധ്യമ പ്രവര്‍ത്തക മായ ശര്‍മയും മുഖ്യപ്രഭാഷണം നടത്തും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് റെജി കെ പി, സെക്രട്ടറി (തിരുവനന്തപുരം) അനുപമ ജി നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വൈസ് പ്രസിഡന്റ് പി എം കൃപ, സംസ്ഥാന സെക്രട്ടറി ബിനിത ദേവസി എന്നിവര്‍ സന്നിഹിതരാകും. വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ് നന്ദി പറയും.

കോണ്‍ക്ലേവിനോടനുബന്ധിച്ച് വനിതാ മാധ്യമ പ്രവർത്തകരും ഫോട്ടോഗ്രാഫര്‍മാരും ഒപ്പിയെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം 17 ന് വൈകിട്ട് 5.30 ന് ടാഗോര്‍ തീയേറ്ററില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. മാസ്‌കറ്റ് ഹോട്ടലിലെ കോണ്‍ക്ലേവിന്റെ ഉദ്ഘാടനത്തിനു ശേഷം ടാഗോര്‍ തിയേറ്ററിലാണ് പാനല്‍ ചര്‍ച്ചകളും ചാറ്റ് സെഷനുകളും നടക്കുക. ആദ്യ ദിനം ഉച്ചക്ക് 2.30 മുതല്‍ വാര്‍ത്തകളിലെ സ്ത്രീ, മാധ്യമങ്ങളിലെ ലിംഗസമത്വം എന്നീ വിഷയങ്ങളില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചകള്‍ക്കുശേഷം വൈകിട്ട് കലാ സന്ധ്യയും അരങ്ങേറും. രണ്ടാം ദിനത്തില്‍ നടക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയ്ക്കു ശേഷം ചാറ്റ് സെഷനുകൾ നടക്കും. റാണ അയൂബ്, ലീന രഘുനാഥ്, മായ ശർമ, മീന കന്ദസ്വാമി, അനിത പ്രതാപ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കേരളത്തിൽ നിന്നുള്ള പ്രമുഖ മാധ്യമ പ്രവർത്തകരും പാനൽ ചർച്ചകളിൽ പങ്കെടുക്കും.

സംസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും വിവിധ കോളേജുകളിലെ ജേണലിസം വിദ്യാര്‍ത്ഥികളും പ്രതിനിധികളായെത്തും.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News