ഫ്ലോറിഡ: ഫ്ലോറിഡയിലെ പാം ബീച്ച് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന അതിക്രൂരമായ മർദ്ദനത്തിൽ മലയാളി നഴ്സ് ലീലാമ്മ ലാലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
രോഗിയായി എത്തിയ വ്യക്തിയുടെ ആക്രമണത്തിലാണ് ഈ കിരത സംഭവം ഉണ്ടായത്. സംഭവത്തില്‍ ഫൊക്കാന അതിയായ ദുഃഖവും, പ്രതിഷേധവും രേഖപ്പെടുത്തി. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, മേല്‍നടപടികള്‍ കൈക്കൊള്ളാനും ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കണമെന്നും ഫൊക്കാന ആവശ്യപ്പെട്ടു.
ഇതുപോലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ ആർക്കും തന്നെ ഉണ്ടാകാന്‍ ഇടയാകാതിരിക്കട്ടേ എന്ന് ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് പ്രസിഡന്റും, പാം ബീച്ച് മലയാളി അസ്സോസിയേഷന്‍ കമ്മിറ്റി അംഗവുമായ എബ്രഹാം കളത്തിൽ അഭിപ്രായപ്പെട്ടു.
ഈ മാസം 28-ാം തീയതി പാം ബീച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കുന്ന സെനറ്റര്‍ ആഷ്‌ലി മൂഡിയുടെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും, നിവേദനം സമര്‍പ്പിക്കുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പാം ബീച്ച് കമ്മിറ്റി അംഗം കൂടിയായ എബ്രഹാം കളത്തിൽ അറിയിച്ചു.
ലീലാമ്മ ലാലിനെതിരെ നടന്ന ആക്രമണത്തില്‍ ഫൊക്കാന പ്രസിഡന്റ് സണ്ണി മറ്റമന, സെക്രട്ടറി എബ്രഹാം ഈപ്പന്‍, ട്രഷറര്‍ സണ്ണി ജോസഫ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം എന്നിവര്‍ ഖേദം രേഖപ്പെടുത്തുകയും, ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലീലാമ്മ എത്രയും വേഗം സുഖം പ്രാപിക്കട്ടേ എന്ന് ആശംസിക്കുകയും ചെയ്തു.