ആറളം: മരം മുറിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി ആറളം ഫാമിലെ ആന മതിലിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, അതുവരെ സോളാർ തൂക്കുവേലി സ്ഥാപിക്കുമെന്നും ആറളം ഗ്രാമപഞ്ചായത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ വനം വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു. ആറളം ഫാമിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സർവകക്ഷി യോഗം ചേർന്നത്.
മതിൽ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഫെബ്രുവരി അവസാനത്തോടെ പണി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാൾക്ക് വനം വകുപ്പ് താൽക്കാലിക ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിന് നഷ്ടപരിഹാരമായി നൽകുന്ന 10 ലക്ഷം രൂപയുടെ ആദ്യ ഗഡു ചൊവ്വാഴ്ച നൽകും. ജനവാസ മേഖലകളിൽ താവളമടിച്ചിരിക്കുന്ന ആനകളെ വനാന്തരങ്ങളിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച രാത്രി തന്നെ ആർആർടികൾ ആരംഭിക്കും. ഇതിനായി രണ്ടോ മൂന്നോ ആർആർടികളെ കൂടി നിയോഗിക്കും.
ആനമതിൽ നിർമ്മാണത്തിനായി അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് തന്നെ നടപടി സ്വീകരിക്കാവുന്നതാണ്. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട അനുമതികളെല്ലാം നൽകിയിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് താക്കീതോടെ ഉത്തരവിറക്കുമെന്ന് മന്ത്രി അറിയിച്ചു. ആനമതിൽ പൂർത്തിയാകും വരെ ചില പ്രദേശങ്ങളിൽ സോളാർ ഹാങ്ങിങ് ഫെൻസിങ് നിർമ്മിക്കും. ഇതിന് ആവശ്യമായ തുക ജില്ലാ കലക്ടർ ജില്ലാ ദുരന്തനിവാരണ സമിതി ഫണ്ടിൽ നിന്ന് അനുവദിക്കും. ടെണ്ടർ വിളിച്ചാലുള്ള കാലതാമസം കണക്കിലെടുത്ത് ജില്ലാ കലക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ക്വട്ടേഷൻ വ്യവസ്ഥയിൽ കാര്യക്ഷമതയുള്ള കരാറുകാരെ ഉപയോഗിച്ച് പ്രവൃത്തി നടത്താമെന്ന് മന്ത്രി അറിയിച്ചു. ആന മതിൽ നിർമ്മാണം ആഴ്ച തോറും മോണിറ്റർ ചെയ്യാനായി പേരാവൂർ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, വാർഡ് മെമ്പർമാർ എന്നിവരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നിരീക്ഷണ സംവിധാനം ഉണ്ടാക്കും. വനം വകുപ്പ് റേഞ്ച് ഓഫീസർക്ക് ഇതിൽ ചുമതല നൽകും. ഈ സമിതി മാർച്ച് ഒന്നു മുതൽ നിലവിൽ വരും.
വന്യമൃഗ സാന്നിധ്യം തിരിച്ചറിയാനായി വയനാട് പുൽപ്പള്ളിയിൽ ദിനേശ് സോഫ്റ്റ്‌വെയർ മുഖേന നടപ്പിലാക്കിയ ഹൈടെക് പ്രതിരോധ സംവിധാനം അടുത്ത ഘട്ടമായി ആറളത്ത് നടപ്പിലാക്കും. ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിൽ വന്യജീവികളെ നിരീക്ഷിക്കാനുള്ള ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കും. വനമേഖലയിൽ അടിക്കാട് വെട്ടുന്നത് പരിശോധിക്കാൻ ഉത്തര മേഖല സി സി എഫിനെ ചുമതലപ്പെടുത്തി. മാർച്ച് മൂന്നോ നാലോ തീയതിയിൽ തിരുവനന്തപുരത്ത് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ആറളം ഫാമിലെ പട്ടികവര്‍ഗ പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിലെത്തി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് മന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു .
പി ആര്‍ ഡി, കേരള സര്‍ക്കാര്‍