“ഗാന്ധിജിയെ അപമാനിച്ചാല്‍ ബിജെപി പ്രതിഫലം തരും”; ഷൈജ ആണ്ടവനെ എൻഐടി-കാലിക്കറ്റ് ഡീനായി നിയമിച്ചതിനെതിരെ കോൺഗ്രസ്

മാർച്ച് 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഡീനായി നിയമിതയായ എൻഐടി-കാലിക്കറ്റ് പ്രൊഫസർ ഷൈജ ആണ്ടവന്റെ സോഷ്യൽ മീഡിയയിലെ പഴയ അഭിപ്രായത്തിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ ആക്രമണം നേരിടുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, “ഇന്ത്യയെ രക്ഷിച്ചതിൽ ഗോഡ്‌സെയിൽ അഭിമാനിക്കുന്നു” എന്ന് പരാമർശിച്ചതിന് ഷൈജയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അവര്‍ ഡീൻ ആയി നിയമിതയായതിന് ശേഷം, കോൺഗ്രസ് നേതാവ് പവൻ ഖേര സംഭവവികാസത്തോട് രൂക്ഷമായി പ്രതികരിച്ചു.

നിയമനത്തിന് ബിജെപിയെ ആക്രമിച്ചുകൊണ്ട് ഖേര ചോദിച്ചു, “ഗാന്ധിയെ അപമാനിക്കുക…. പ്രതിഫലം നേടുക: പ്രധാന തസ്തികകൾക്കുള്ള ബിജെപിയുടെ പുതിയ യോഗ്യതാ മാനദണ്ഡമോ?”, അദ്ദേഹം എക്സില്‍ കുറിച്ചു.

ഇന്ത്യയുടെ ദേശീയ ഐക്കണുകളെ അപമാനിക്കുന്നവരെ ബിജെപി സർക്കാർ ആസൂത്രിതമായി പ്രോത്സാഹിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ഷൈജയുടെ നിയമനത്തെ വിശേഷിപ്പിച്ച ഖേര, വിദേശ യാത്രകളിൽ പ്രധാനമന്ത്രി മോദി മഹാത്മാഗാന്ധിയെക്കുറിച്ച് വാചാലനാകുമ്പോൾ, ഗാന്ധിജിയുടെ പൈതൃകത്തെ നശിപ്പിക്കാൻ ശ്രമിച്ച ശക്തികളെ പരസ്യമായി ആഘോഷിക്കുന്ന വ്യക്തികളെ അദ്ദേഹത്തിന്റെ സർക്കാർ ഉയർത്തിക്കൊണ്ടുവരുന്നു എന്നും പറഞ്ഞു.

ഗാന്ധിജിക്കും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനുമെതിരെ വിഷം വമിപ്പിക്കുന്നവർക്ക് അഭിമാനകരമായ സ്ഥാനങ്ങൾ നൽകുന്ന ബിജെപി വിഭാവനം ചെയ്യുന്ന ‘പുതിയ ഇന്ത്യ’ ഇതാണോ? അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഷൈജയ്ക്ക് കടുത്ത എതിർപ്പ് നേരിടേണ്ടി വരുന്നുണ്ട്. സിപിഐഎമ്മിന്റെ വിദ്യാർത്ഥി വിഭാഗം എൻഐടിയിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News