ന്യൂയോര്‍ക്ക്: കാഫിയേ സ്കാർഫുകളും മാസ്കുകളും ധരിച്ച പലസ്തീൻ അനുകൂല പ്രതിഷേധക്കാർ ബുധനാഴ്ച ന്യൂയോർക്കിലെ ബർണാർഡ് കോളേജിലെ മിൽബാങ്ക് ഹാളിലേക്ക് ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറി. കോളേജ് ഡീന്റെ ഓഫീസിലേക്ക് കയറിയ പ്രതിഷേധക്കാർ ഒരു ജീവനക്കാരനെ ആക്രമിച്ചതായി കോളേജ് അധികൃതര്‍ പറഞ്ഞു. “കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ” പ്രതിഷേധക്കാർ രാത്രി മുഴുവൻ മിൽബാങ്ക് ഹാൾ ഉപരോധിച്ചതായി ബർണാർഡ് പ്രസിഡന്റ് ലോറ റോസൻബറി പ്രസ്താവനയിൽ പറഞ്ഞു.
രാത്രി 9:30 ന് മുമ്പ് വിദ്യാർത്ഥികൾ പുറത്തിറങ്ങിയില്ലെങ്കിൽ, “കാമ്പസ് സംരക്ഷിക്കുന്നതിന് ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കാൻ” ഉദ്യോഗസ്ഥർ നിർബന്ധിതരാകുമെന്ന് സ്കൂൾ മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഭരണകൂടം പ്രതിഷേധക്കാരെ കാണാൻ സമ്മതിച്ചതിനെത്തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയതായി കൊളംബിയ സ്റ്റുഡന്റ്‌സ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ എന്ന വിദ്യാർത്ഥി സംഘടന സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു. പലസ്തീൻ അനുകൂല നടപടികളുടെ പേരിൽ ശിക്ഷിക്കപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും പൊതുമാപ്പ് നൽകണമെന്നും, റോസൻബറി, ഡീൻ ലെസ്ലി ഗ്രിനേജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തണമെന്നും, രണ്ട് വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടതായി സംഘം പറഞ്ഞു.
“ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ഞങ്ങൾ നിർത്തില്ല. പലസ്തീൻ സ്വതന്ത്രമാക്കുക,” പ്രതിഷേധക്കാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പ്രതിഷേധക്കാരുടെ ആക്രമണത്തിന് ഇരയായ ഒരു ജീവനക്കാരനെ ആശുപത്രിയിലേക്ക് അയച്ചതായി ബർണാർഡിന്റെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് റോബിൻ ലെവിൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, കൂടുതൽ വിവരങ്ങൾ അവർ നൽകിയില്ല. തിരിച്ചറിയൽ രേഖയില്ലാതെ കാമ്പസിലേക്ക് പ്രവേശിക്കാൻ പ്രതിഷേധക്കാർ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചതായി ലെവിൻ പറഞ്ഞു.
“ഞങ്ങളുടെ സമൂഹത്തിലെ എല്ലാ അംഗങ്ങളുമായും ഞങ്ങൾ കൂടിക്കാഴ്ച നടത്തുന്നതുപോലെ, പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്താൻ ബർണാർഡ് ഭരണകൂടം ആദ്യം വാഗ്ദാനം ചെയ്തു – അവർ മുഖംമൂടികൾ അഴിച്ചുമാറ്റണമെന്ന ലളിതമായ വ്യവസ്ഥയോടെ. എന്നാല്‍, അവർ വിസമ്മതിച്ചു. ഞങ്ങൾ മധ്യസ്ഥത വഹിക്കാനും വാഗ്ദാനം ചെയ്തു,” ലെവിൻ പറഞ്ഞു.
വിദ്യാർത്ഥി സംഘം പോസ്റ്റ് ചെയ്ത വീഡിയോകളിൽ മുഖംമൂടികളും കാഫിയേ സ്കാർഫുകളും ധരിച്ച ആളുകൾ ഇടനാഴിയിൽ മുദ്രാവാക്യം വിളിക്കുന്നത് കാണിക്കുന്നുണ്ട്. ചിലർ ഡ്രംസ് വായിക്കുകയായിരുന്നു, മറ്റുള്ളവർ മെഗാഫോണുകൾ പിടിച്ചു. പലസ്തീൻ പതാകകൾ ചുമരുകളിൽ തൂക്കിയിട്ടിരുന്നു, “ബെർണാർഡ് വംശഹത്യയ്ക്ക് ധനസഹായം നൽകുന്നു”, “സ്വതന്ത്ര പാലസ്തീൻ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതിയിരുന്നു.