മണ്ണാർക്കാട്: ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ റമദാൻ റിലീഫ് വിതരണവും മതേതര സായാഹ്ന സദസ്സും സംഘടിപ്പിച്ചു.
മൈലാംപാടം സെന്ററിൽ നടന്ന പരിപാടി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കെ.വി. അമീർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തൊടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ ഇടതുപക്ഷ സർക്കാരും മുന്നണിയും ഒന്നിച്ച് നേരിടുമ്പോൾ യുഡിഎഫ് ബിജെപിക്ക് ഒപ്പം നിന്ന് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, വയനാടിനു വേണ്ടി ഡൽഹിയിൽ എൽഡിഎഫ് സമരം സംഘടിപ്പിച്ചപ്പോൾ ഡൽഹിയിലുള്ള കോണ്‍ഗ്രസ് മുസ്ലിം ലീഗ് എം.പി മാർ മൗനികളായത് ആര്‍ക്കുവേണ്ടിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായെന്നും കെ.വി. അമീർ പറഞ്ഞു. പാർട്ടി സംസ്ഥാനത്താകെ വിവിധ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പാർട്ടിയുടെ പ്രവാസി ഘടകമായ ഐ. എം.സി.സി വേണ്ട സഹായങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദു ഭീമനാട് അദ്ധ്യക്ഷത വഹിച്ചു. എൻ വൈ എൽ ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലാംപാടം സ്വാഗതം പറഞ്ഞു.
പരിപാടിയിൽ സി പി ഐ എം കുമരംപുത്തൂർ ലോക്കൽ സെക്രട്ടറി ഐലക്കര മുഹമ്മദലി മുഖ്യ അതിഥി ആയി സംസാരിച്ചു. ഇടതുപക്ഷത്തിന്റെ കരുത്താണ് സേട്ട് സാഹിബിന്റെ പാർട്ടി എന്നും, രാജ്യം ബാബരിയെ ഓർക്കുമ്പോൾ എല്ലാം സേട്ട് സഹിബിനെയും ഓർക്കുമെന്നും ഐലക്കര മുഹമ്മദലി പറഞ്ഞു.
ഐ എൻ എൽ ജില്ലാ ട്രഷറർ അബ്ദുൽ റഫീഖ് കാട്ടുകുളം റിലീഫ് കിറ്റ് വിതരണം ഉൽഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് പൊതു പ്രവർത്തകൻ മുസ്തഫ നെച്ചുള്ളി, നാഷണൽ കിസാൻ ലീഗ് ജില്ലാ സെക്രട്ടറി ബഷീർ പുളിക്കൽ, ഐ എൻ എൽ മണ്ഡലം ജനറൽ സെക്രട്ടറി ഉമ്മർ.വി.ടി എന്നിവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ ഉസ്മാൻ വി.ടി, മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി. മണ്ഡലം ട്രഷറർ ഉമ്മർ കോട്ടോപ്പാടം നന്ദിയും പറഞ്ഞു.