“ഫൈറ്റ് ദി ഡിജിറ്റൽ ഡ്രഗ്”: പോണോഗ്രഫി വിരുദ്ധ ബോധവത്കരണം നടത്തി

പാലക്കാട്: വളരുന്ന കുട്ടികളിൽ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കികൊണ്ടിരിക്കുകയും എന്നാൽ രക്ഷിതാക്കൾ സംവദിക്കാൻ മടിക്കുന്നതും ആയ വിഷയമാണ് പോണോഗ്രാഫി അഥവാ അശ്ലീല മാധ്യമങ്ങൾ.

ഡിജിറ്റൽ ലോകത്തിലെ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്ന “ഫൈറ്റ് ദി ഡിജിറ്റൽ ഡ്രഗ്” എന്ന പേരിൽ ഡിറ്റോക്‌സ് മൈൻഡ് ബോധവത്കരണ പരിപാടി പേഴുംകര മോഡൽ ഹൈസ്കൂളിൽ സംഘടിപ്പിച്ചു. 7 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഈ പരിപാടിയിൽ ഓൺലൈൻ അശ്ലീലത, അതിന്റെ ദൂഷ്യവശങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെട്ടു.

പരിപാടിയുടെ ആദ്യ ഭാഗമായി ഡിജിറ്റൽ ലഹരിയുടെ അപകടം അടിസ്ഥാനമാക്കി ഒരു ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. തുടർന്ന് ഡിറ്റോക്‌സ്മൈൻഡിന്റെ സഹസ്ഥാപകനും അഭിഭാഷകനുമായ അഡ്വ. സെബിൻ ബിൻ സുബൈർ ഓൺലൈൻ അശ്ലീലതയുടെ മാനസികവും ശാരീരികവുമായ ദോഷഫലങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. സംഘടനയുടെ മറ്റ് സഹസ്ഥാപകരായ സിയാ ഉൽ ഹഖ്, അബ്ദുൽ സമദ് എന്നിവരും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പരിപാടിയുടെ അവസാന ഘട്ടത്തിൽ നടന്ന ചോദ്യോത്തര സെഷനിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സംശയങ്ങൾ ഉന്നയിക്കാനുള്ള അവസരം ലഭിച്ചു. അവധിക്കാലങ്ങളിലും വീട്ടിലും അത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ പ്രതിരോധിക്കേണ്ട രീതികളെക്കുറിച്ചും ഈ പരിപാടിയിൽ വിശദീകരിച്ചു.

ഓൺലൈൻ അശ്ലീലതയ്‌ക്കെതിരായ ഈ അവബോധ പരിപാടി വിദ്യാർത്ഥികളിൽ നല്ല സ്വാധീനം ചെലുത്തിയതായി സ്കൂൾ അധികൃതർ പറഞ്ഞു. കേരളത്തിലെ യുവതലമുറയെ ഡിജിറ്റൽ ലഹരികളിൽ നിന്നും രക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഡിറ്റോക്‌സ്മൈൻഡ് സംഘടന കേരളത്തിലെ മറ്റ് സ്കൂളുകളിലും ഇത്തരം ബോധവത്കരണ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്നു.

“ഡിജിറ്റൽ ലോകത്തിലെ തെറ്റായ കാഴ്ചകൾ നിങ്ങളുടെ ഭാവിയെയും വ്യക്തിത്വത്തെയും നശിപ്പിക്കാൻ അനുവദിക്കരുത്. നിങ്ങളുടെ മനസ്സിന്റെ നിയന്ത്രണം നിങ്ങളുടെ കൈകളിൽ തന്നെ സൂക്ഷിക്കുക” എന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് അഡ്വ. സെബിൻ ബിൻ സുബൈർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News