മറുകരയിൽ കാണാമെന്നുള്ള പ്രത്യാശയോടെ ഗ്രാമം ഷോട്ട് പുളിക്കത്ര കളിവള്ളങ്ങളുടെ റാണിക്ക് വിട ചൊല്ലി

എടത്വ: തടിച്ചുകൂടിയ ആയിരക്കണക്കിന് ജലോത്സവ പ്രേമികളുടെ കണ്ണ് നനയിച്ച് മറുകരയിൽ കാണാമെന്നുള്ള പ്രത്യാശയോടെ ഗ്രാമം ജലോത്സവ ലോകത്തെ റാണിക്ക് വിട ചൊല്ലി. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാടിനോട് മോളി ജോൺ യാത്ര പറയുമ്പോള്‍ ആകാശം പോലും മേഘാവൃതമായിരുന്നു. മോളി ജോണിനെ കുറിച്ചുള്ള സ്മരണകൾ ഇനി ഹൃദയങ്ങളിൽ അനശ്വരമാകും.

ചേതനയറ്റ ശരീരത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തെ പ്രതിനിധികരിച്ച് മഞ്ഞ ജേഴ്സിയും തുഴയും വഞ്ചിപ്പാട്ടിന് ശേഷം സമർപ്പിച്ചപ്പോൾ കാണികളുടെയും മക്കളുടെയും കൊച്ചുമക്കളുടെയും ദുഖം സങ്കട കടലായി.

മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ, റൈറ്റ് റവ. ബിഷപ്പ് ഉമ്മൻ ജോർജ്, കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഉൾപ്പടെ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക ജലോത്സവ രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ, കളിവള്ളം ഉടമകൾ, വിവിധ സഭകളിലെ വൈദികര്‍, ജാതി-മത-സാമുദായിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ ഭവനത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഭവനത്തിൽ നിന്നും മൃതദേഹം വള്ളത്തിലാണ് വിലാപ യാത്രയ്ക്ക് എത്തിച്ചത്. തലവടി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിലേക്കുള്ള വിലാപയാത്രയിൽ നിരവധി പേർ പങ്കെടുത്തു. സംസ്ക്കാര ശുശ്രൂഷകള്‍ക്ക് സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ, ഇടവക വികാരി റവ. മാത്യൂ ജിലോ നൈനാൻ, റവ.മാത്യു പി ജോർജ്ജ്, റവ.കോശി എന്നിവർ നേതൃത്വം നല്‍കി.

മലങ്കര സഭയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തിരുവല്ല കോവൂർ കുടുംബാംഗം ഐപ്പ് തോമാ കത്തനാരുടെ ചെറുമകളും പരേതരായ കെ.എ നൈനാൻ-അന്നമ്മ നൈനാൻ ദമ്പതികളുടെ മകളുമാണ് മോളി ജോൺ.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ട. കൃഷി ഇൻസ്പെക്ടർ പരേതനായ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിച്ചത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഒരേ കുടുംബത്തിൽ നിന്നും തുടർച്ചയായി നാല് തലമുറക്കാർ കളിവള്ളങ്ങൾ നിർമ്മിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ ബഹുമതിയുമായി പുളിക്കത്ര തറവാട് യുആർഎഫ് ലോക റിക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്. ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് ‘ കളിവള്ളം 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്. തറവാടിനോട് ചേർന്നുള്ള വള്ളപ്പുരയിൽ നിന്നും ജലമേളകളിൽ മത്സരിക്കുന്നതിന് കളിവള്ളം നീരണിയച്ചതിന് ശേഷം തുഴച്ചിൽക്കാർ എത്തുമ്പോൾ പ്രാർത്ഥനയ്ക്ക് ശേഷം ഒന്നാം തുഴ കൈമാറിയിരുന്നത് മോളി ജോൺ ആയിരുന്നു.

ഏറ്റവും ഒടുവിലായി തറവാട്ടിലെ നാലാമത്തെ കളിവള്ളമായ ഷോട്ട് പുളിക്കത്ര കളിവള്ളം 2017 ജൂലൈ 27-നാണ് നീരണിഞ്ഞത്.1952ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. ഓരോ മത്സരങ്ങളിലും മാലിയിൽ പുളിക്കത്ര തറവാട്ടിലെ കളിവള്ളങ്ങൾ കിരീടം അണിയുമ്പോൾ പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിലെത്തുന്ന ട്രോഫികളിൽ മുത്തമിട്ട് തൊഴുകൈകളുമായി ദൈവത്തിന് മഹത്വം അർപ്പിക്കുന്ന മോളി ജോൺ ഇനി ജലോത്സവ കായിക താരങ്ങളുടെ ഓർമ്മകളിൽ മാത്രം !

കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജലോത്സവ ലോകം നല്‍കുന്ന പിന്തുണയ്ക്കും കരുതലിനും മൂന്നാം തലമുറക്കാരൻ ജോർജ്ജ് ചുമ്മാറും കുടുംബവും നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ഡോ. ജോൺസൺ വി. ഇടിക്കുള

Print Friendly, PDF & Email

Leave a Comment

More News