കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ മുഖ്യപ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.
റിമാൻഡിൽ കഴിയുന്ന അഞ്ച് വിദ്യാർത്ഥികളുടെയും വീടുകളിൽ പോലീസ് ഒരേസമയം പരിശോധന നടത്തി. നിരീക്ഷണ ഭവനത്തിൽ റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികൾക്കും എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുമതി നൽകുമെന്ന് പോലീസ് പറഞ്ഞു. ഇവരെ സ്കൂളിൽ പരീക്ഷ എഴുതാൻ കൊണ്ടുപോയാൽ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിനെ പോലീസ് അറിയിച്ചിരുന്നു. മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് അവർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി.
അതേസമയം, പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അവരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും മരിച്ച ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം, പ്രതികളുടെ മാതാപിതാക്കൾ ഏറ്റുമുട്ടലിന് സാക്ഷികളാണ്. മർദനത്തിന് പിന്നിൽ മയക്കുമരുന്ന് സ്വാധീനമുണ്ടെന്ന് സംശയിക്കുന്നതായും ഇഖ്ബാൽ പറഞ്ഞു.