അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തെക്കുറിച്ച് ട്രംപിന്റെ ആശങ്ക അടിസ്ഥാനരഹിതം: താലിബാൻ

ദോഹ (ഖത്തര്‍): യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരും തമ്മിലുള്ള വാക്പോര് ശക്തമായി. അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തതായി ട്രംപ് അവകാശപ്പെട്ടിരുന്നു. അതിനെതിരെയാണ് താലിബാന്റെ ശക്തമായ പ്രതികരണം. ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വിശേഷിപ്പിച്ചു. അദ്ദേഹം “വൈകാരിക പ്രസ്താവനകൾ” നടത്തുന്നത് ഒഴിവാക്കണമെന്നും മുജാഹിദ് പറഞ്ഞു.

കാബൂളിൽ നിന്ന് ഏകദേശം 44 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ബഗ്രാം എയർ ബേസ്, അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ 20 വർഷത്തെ സൈനിക നടപടിയിൽ ഒരു പ്രധാന കേന്ദ്രമായിരുന്നു. എന്നാല്‍, യുഎസ് സൈന്യത്തെ പിൻവലിച്ചതിനുശേഷം അത് താലിബാന്റെ നിയന്ത്രണത്തിലായി.

“ബാഗ്രാം വ്യോമതാവളം ചൈനയുടെയല്ല, ഇസ്ലാമിക് എമിറേറ്റിന്റെ (താലിബാൻ സർക്കാരിന്റെ) നിയന്ത്രണത്തിലാണ്. ഇവിടെ ഒരു ചൈനീസ് സൈനികരും നിലവിലില്ല, താലിബാൻ ഒരു രാജ്യവുമായും അത്തരമൊരു കരാറിൽ ഏർപ്പെട്ടിട്ടില്ല. അതുകൊണ്ട്, അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ ട്രംപിന്റെ ‘ഉപജാപക സംഘം’ അദ്ദേഹത്തിന് നൽകണമെന്നും, മറ്റു വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അവഗാഹം എത്രത്തോളമുണ്ടെന്ന് അന്വേഷിച്ച് അവ ശരിയാക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” പ്രസ്താവനയിൽ സബിഹുള്ള മുജാഹിദ് പറഞ്ഞു.

“ഞങ്ങൾ അവിടെ നിന്ന് പുറത്തുകടക്കാൻ പോകുകയായിരുന്നു. പക്ഷേ, അഫ്ഗാനിസ്ഥാൻ കാരണം അല്ല, ചൈന കാരണം ബഗ്രാം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിച്ചു. ചൈന അവരുടെ ആണവ മിസൈലുകൾ നിർമ്മിക്കുന്ന സ്ഥലത്ത് നിന്ന് ഒരു മണിക്കൂർ മാത്രം അകലെയാണ് അത്. ഇപ്പോൾ ആരാണ് അത് ഏറ്റെടുക്കുന്നത്? ചൈന. ബൈഡൻ അത് ഉപേക്ഷിച്ചു,” ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

അമേരിക്ക ഉപേക്ഷിച്ചുപോയ സൈനിക ഉപകരണങ്ങളിലും ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. “ഇത് വിശ്വസിക്കാൻ കഴിയുമോ? അവർ 777,000 റൈഫിളുകളും 70,000 കവചിത ട്രക്കുകളും വാഹനങ്ങളും വിൽക്കുന്നു. അവ ഞങ്ങളുടെ കൈവശമുണ്ടായിരുന്ന 70,000 വാഹനങ്ങളായിരുന്നു, ഞങ്ങൾ അവ ഉപേക്ഷിച്ചു. നമുക്ക് അത് തിരികെ ലഭിക്കണമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു. യുഎസ് സൈന്യത്തെ പിൻവലിച്ച പ്രക്രിയ “മോശമായി കൈകാര്യം ചെയ്തു” എന്നും അതിനേക്കാൾ നന്നായി ചെയ്യാമായിരുന്നു എന്നും പറഞ്ഞുകൊണ്ട് ട്രംപ് ബൈഡൻ ഭരണകൂടത്തെ വിമർശിച്ചു.

ബഗ്രാം വ്യോമതാവളം ചൈന ഏറ്റെടുത്തിട്ടുണ്ടെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ ആവർത്തിച്ച് പറഞ്ഞു. “ഞങ്ങൾ അവിടെ നിന്ന് പുറത്തു കടക്കാന്‍ പോകുകയായിരുന്നു, പക്ഷേ ചൈന ആണവ മിസൈലുകൾ നിർമ്മിക്കുന്ന സ്ഥലത്തിന് സമീപമായതിനാൽ ബഗ്രാം ഞങ്ങളോടൊപ്പം സൂക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. എന്നാല്‍, താലിബാൻ ഈ അവകാശവാദങ്ങൾ വ്യക്തമായി നിരസിക്കുകയും ബഗ്രാം വ്യോമതാവളത്തിന്റെ പൂർണ നിയന്ത്രണം ചൈനയ്ക്കല്ല, തങ്ങൾക്കാണെന്ന് പറയുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News