വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ദാരുണവും ഭയാനകവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ് പലപ്പോഴായി വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. പകര്‍ച്ചവ്യാധിപോലെ നിര്‍വികാര മായ ഒരു ജനസമൂഹത്തെയാണ് കേരളത്തില്‍ കാണുന്നത്. വിദ്യാഭ്യാസ രംഗത്ത് നടന്നുകൊ ണ്ടിരിക്കുന്ന ഈ മൂഢത്വത്തെ ആരും ഗൗരവമായി കാണുന്നില്ലെന്ന് മാത്രമല്ല യാഥാര്‍ഥ്യങ്ങളെ ഒളിപ്പിച്ചു വെക്കുകയും കുറ്റവാളികള്‍ക്ക് വേണ്ടുന്ന എല്ലാം ഒത്താ ശയും ചെയ്തുകൊടുക്കുന്നു. നമ്മുടെ കുട്ടികള്‍ ചോദ്യങ്ങള്‍ കാണാതെ പഠിച്ചു് ഉത്തരങ്ങള്‍ എഴുതുന്നതു പോലെ നമ്മുടെ വിദ്യാഭ്യാസ രംഗം പട്ടി കുരച്ചാല്‍ ചന്ദ്രന്‍ പേടിക്കുമോയെന്ന ഭാവത്തില്‍ മുന്നോട്ട് പോകുന്നു.
അച്ചടക്കവും അനുസരണയും വിദ്യാപീഠങ്ങളില്‍ നിന്ന് മാത്രമല്ല സ്വന്തം വീടുകളില്‍നിന്നുമുണ്ടാകണം. അതിന് മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഊഷ്മളമായ സ്നേഹബന്ധമുണ്ടാകണം. അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികള്‍ കഞ്ചാവിനും, മയക്കുമരു ന്നിനും അടിമകള്‍ മാത്രമല്ല ഇന്ന് അമേരിക്കയില്‍ കുട്ടികള്‍ തോക്കുമായി സ്‌കൂളില്‍ പോകുന്നതുപോലെ മാരകമായ ആയുധങ്ങളുമായി സ്‌കൂളില്‍ പോകുന്നത് പണക്കൊഴുപ്പാണോ അതോ അധികാര ഇടനാഴികളിലെ സ്വാധീനമാണോ?
താമരശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് ഷഹബാസ് എന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് നല്ല പാഠങ്ങള്‍ പഠിക്കുന്നില്ല. പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് മാരകമായ ആയുധമുപയോഗിച്ചാണ് തല യോട്ടി അടിച്ചുതകര്‍ത്തത്. ഇതിനൊക്കെ കാരണമായി പറയുന്നത് കുട്ടികള്‍ ഡാന്‍സ് കളിക്കു മ്പോള്‍ ഒരു കൂട്ടം കൂവിവിളിച്ചു, ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിലുണ്ടായ പ്രശ്നങ്ങള്‍ അങ്ങനെ പലതും കേള്‍ക്കുന്നു. എന്ത് കാരണമായാലും ഒരാളുടെ ജീവനെടുക്കുക എന്നത് ബോധപൂര്‍വ്വമാണ്. അതിനുള്ള തെളിവാണ് തലയ്ക്കടിച്ചുകൊന്ന കുട്ടിയുടെ വീട്ടില്‍ നിന്ന് മാരകായുധം കണ്ടെത്തിയത്. ഇതിലൂടെ ഈ കുട്ടികളെ വളര്‍ത്തി വഷളാക്കിയ മാതാപിതാക്കളും കുറ്റവാളികളാണ്. എന്നിട്ട് വീരവാദം മുഴക്കുന്നത് എന്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല.
സത്യത്തിന്റെ അന്തസത്തയെ കുഴിച്ചുമൂടി ഈ പരിവേഷം ചാര്‍ത്തുമ്പോള്‍ ഇവരുടെ മക്കള്‍ നാളത്തെ ഭീകരരായി മാറുമെന്നുള്ളത് മറക്കുന്നു. ഇവര്‍ക്ക് വളരാന്‍ മതരാഷ്ട്രീയ പഠനങ്ങളും പരിശീലനങ്ങളുമുണ്ട്. ചെറുപ്പത്തില്‍ എന്നെപോലുള്ളവര്‍ സ്‌കൂള്‍ മതപഠനങ്ങള്‍ നടത്തിയത് നല്ലവരായി, നല്ല മനുഷ്യരായി ജീവിക്കാനാണ്. ഒരു കുട്ടി കുറ്റവാളിയായി മുദ്രകുത്തിയാലും-മത-രാഷ്ട്രീയ-അധ്യാപക-രക്ഷിതാക്കള്‍ ഉത്തരവാദിത്വത്തില്‍ ഒളിച്ചോടുന്നത് കാണാം. അധ്യാപകര്‍ നിസ്സംഗത തുടരുന്നു. കൊല്ലപ്പെട്ടുകഴിയുമ്പോള്‍ വാഴ്ത്തിപ്പാടാനും, ചരമഗീതങ്ങള്‍ പാടാനും, റീത്തുവെക്കാനും ഈ കൂട്ടര്‍ ഒഴുകിയെത്തുന്നു. ഒരാള്‍ എരിഞ്ഞമരുമ്പോള്‍ വീണ്ടും വരുന്നു കൊലപാതകം. ദൈവത്തിന്റെ നാട് പിശാചിന്റെ നാടായി മാറിയോ? മറ്റുള്ളവരുടെ ജീവനെടുക്കുന്ന, സമൂഹത്തെ കൊള്ളചെയ്യുന്ന ഈ തസ്‌കരവീരന്മാരുടെ താരാട്ട് പാടി എത്രനാള്‍ തുടരും?
നമ്മുടെ കലാലയങ്ങളില്‍ എന്താണ് സംഭവിക്കുന്നത്? സര്‍ക്കാര്‍ രാഷ്ട്രീയത്തിന തീതമായി ഇടപെടണം. സ്വന്തം മകനോ മകള്‍ക്കോ ഈ ദുരവസ്ഥ വന്നാല്‍ എന്തുചെയ്യും? കോടാലിക്ക് കുഷ്ഠം പിടിച്ചതുപോലെയാണ് കുട്ടികളുടെ ജുവനൈല്‍ നിയമങ്ങള്‍. നിയമത്തിന് മുഖമില്ല. നിയമങ്ങള്‍ സമൂഹത്തിന് വെളിച്ചം നല്കുന്നതാകണം. കോടതിക്ക് തെളിവുകളല്ലേ ആവശ്യം? ആ നേരിന്റെ മാര്‍ഗ്ഗം പൂജിക്കപ്പെടണം. പ്രായമെന്ന പരിഗണനയില്‍ പൂവിട്ടു് പൂജിക്കയോ പരിരക്ഷയോ കൊടുക്ക രുത്. അത് കുറ്റം ചെയ്യാതിരിക്കാന്‍ കുട്ടികുറ്റവാളികള്‍ക്ക് നല്‍കുന്ന വലിയ സന്ദേശമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ലെങ്കില്‍ കുറ്റം പെരുകക തന്നെ ചെയ്യും. പൊലീസ് അകമ്പടിയില്‍ സ്വന്തം സഹപാഠിയെ നഞ്ചക്കിനടിച്ചു കൊലപ്പെടുത്തിയിട്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുന്നു.
കൊടുംകുറ്റവാളികള്‍ക്ക് കുടപിടിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ദിശാബോധം, സാമൂഹിക നീതി അറിവോ അറിവില്ലായ്മയോ എന്നത് സമൂഹത്തിലുയരുന്ന ചോദ്യമാണ്. ഷഹബാസിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയതും, ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് കൊലവിളികള്‍, പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചു് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനെന്നുള്ളതും എത്ര ഭയാനകമാണ്. കൂടെപഠിക്കുന്ന സഹപാഠികളെ തല്ലുക, കൊല്ലുക, പെണ്‍കുട്ടികളെ അപമാനിക്കുക തുടങ്ങിയ കാട്ടാള സ്വഭാവമുള്ള ക്രിമിനലുകളെ പരീക്ഷയെഴുതിയും പാലൂട്ടിവളര്‍ത്തികൊണ്ട് വരുന്നത് രാജ്യസേവനത്തിനാണോ? അതോ സമൂഹത്തില്‍ ഇതുപോലുള്ള ശവസംസ്‌കാരം നടത്താനോ? അതുമല്ലെങ്കില്‍ ഇവര്‍ മൂലം കൊല്ലപ്പെട്ടവരുടെ ശവകുടീരങ്ങളില്‍ നിന്നെഴുന്നേറ്റ് വന്ന് ചരമഗീതങ്ങള്‍ പാടാനോ?
കുട്ടികള്‍ എന്തുകുറ്റം ചെയ്താലും അതിനെ ശിശുമനസ്സായി കാണുന്നതുകൊണ്ടാണ് കുറ്റവാസന കുട്ടികളില്‍ കൂടുന്നത്. നിയമ മനഃസാക്ഷിയും നിയമങ്ങളുമാണ് ഉണരേണ്ടത്. അതിന് ആദ്യം വേണ്ടത് ജുവനൈല്‍ നിയമങ്ങള്‍ പൊളിച്ചെഴുതണം. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി കൊലപാതകം ചെയ്താല്‍ എഫ്. ഐ.ആര്‍ ഇടാന്‍ നിയമമില്ലാതെ എസ്.ബി.ആര്‍ (സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട്) മൂലം കുറ്റവാളികള്‍ രക്ഷപ്പെടുന്നു. ചെറിയവരോ വലിയവരോ എന്നതിനേക്കാള്‍ കുറ്റത്തിന് ശിക്ഷ കിട്ടണം. ഇല്ലെങ്കില്‍ കത്തിയമരുന്ന ചിതകളും ശവപ്പറമ്പുകളും ഇനിയും കാണേണ്ടി വരും. മൊബൈല്‍ ഡിജിറ്റല്‍ യുഗം വന്നതോടെ കുറെ കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്നകന്ന് മനോവൈകല്യമുള്ളവരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ബോധവല്‍ക്കരണ ക്ലാസുകള്‍ അനിവാര്യമാണ്. പല സ്വദേശ വിദേശ കച്ചവട ആധുനിക സിനിമകളും സീരിയലുകളും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഒരു കുട്ടിയെ നൊന്തു പ്രസവിച്ച ഒരമ്മയുടെ കുഞ്ഞു കൊല്ലപ്പെടുമ്പോള്‍ ആ ഹൃദയത്തിലുള്ള മുറിവ് ആര്‍ക്കെങ്കിലുമുണക്കാന്‍ സാധിക്കുമോ?
കേരളത്തിലെ കലാലയങ്ങളില്‍ പലപ്പോഴും കാണുന്നത് കുറെ കുട്ടി നേതാക്കളുടെ വിഹാരരംഗമാണ്. ഇവര്‍ ആളിക്കത്തിക്കുന്നത് സ്നേഹമോ ആനന്ദമോ അല്ല സംഘര്‍ഷങ്ങളാണ്. ഇവര്‍ വിദ്യാലയങ്ങളില്‍ വരുന്നത് പഠിക്കാനാണോ അതോ രാഷ്ട്രീയ ഗുണ്ടായിസം നടത്താനോ? കുട്ടികളുടെ ഭാവി തകര്‍ക്കുന്നതില്‍ അധ്യാപക സംഘടനകള്‍ക്കും, വിദ്യാഭ്യാസ വകുപ്പിനും വലിയൊരു പങ്കുണ്ട്. കുട്ടികള്‍ ചെയ്യുന്ന കുറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കൂട്ടര്‍ പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി വാങ്ങി പഠനമാണോ പ്രോല്‍സാഹിപ്പിക്കുന്നത് അതോ രാഷ്ട്രീയ അജണ്ടകളോ? കുട്ടികളുടെ ഭാവി ശോഭനമാക്കുന്ന, വിദ്യാഭ്യാസത്തിന്റെ കാര്യ ക്ഷമതയറിയാവുന്ന അധ്യാപര്‍ക്ക് ഇവര്‍ ഒരപമാനം തന്നെയാണ്.
കഞ്ചാവും, മദ്യവും കഴിക്കുന്നവരെ, അടിപിടി നടത്താന്‍ വരുന്നവരെ ഇവര്‍ക്കറിയാം. സാമൂഹ്യബോധമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ നിലവിലുള്ള പാഠ്യപദ്ധതികള്‍ മാറണം. ഒരു കുട്ടി വഴിതെറ്റിപോകുന്നതിന്റെ കാരണങ്ങള്‍ എന്തുകൊണ്ടാണ് രക്ഷിതാക്കള്‍, അധ്യാപകര്‍, മത രാഷ്ട്രീയക്കാര്‍ പഠിച്ചു് പരി ഹാരം കാണാത്തത്? നല്ലൊരു വിഭാഗം കുട്ടികള്‍ക്ക് നാട്ടില്‍ പഠിക്കാന്‍ താല്പര്യമില്ല. ആരാണ് ഇതിനുത്തരവാദികള്‍? വിദ്യാഭ്യാസ മേഖലകളില്‍ നടക്കുന്ന അരാഷ്ട്രീയ അരാജകത്വത്തിന് കാരണം രാഷ്ട്രീയപാര്‍ട്ടികളും യൂണിയനുകളുമാണ്. വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് ഈ അക്രമ രാഷ്ട്രീയം നിരോധിക്കാതെ ഇതിന് പരിഹാരം കാണാന്‍ സാധിക്കില്ല. കുട്ടികളുടെ ഭാവി അക്രമത്തിലും, കഞ്ചാവിലും, മദ്യത്തിലും കൊണ്ടെത്തിക്കുന്നതില്‍ എല്ലാവരും കൂട്ടുപ്രതികളാണ്. നമ്മുടെ കുട്ടികള്‍ സ്വാതന്ത്ര്യ സമരപോരാട്ടമല്ല നടത്തുന്നത്. കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഇതിനെതിരെ സംഘടിച്ചു ശക്തരായി രംഗത്ത് വരണം.