മുസ്ലിം സ്ത്രീകൾക്കെതിരായ എഐ വെറുപ്പിന് പിന്നിൽ സംഘപരിവാർ: ഫ്രറ്റേണിറ്റി മൂവ്മെന്റ്

സോഷ്യൽ മീഡിയയിൽ മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള അക്രമണോത്സുക എ ഐ ചിത്രങ്ങൾക്ക് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ നഈ ഗഫൂർ. ബലാത്സംഗത്തിലൂടെയും പീഡനത്തിലൂടെയും സംഘപരിവാർ ഹിന്ദുത്വ ശക്തികൾ പ്രചരിപ്പിക്കുന്നത് ലിംഗപരമായ ഇസ്ലാമോഫോബിയ (Gendered Islamophobia) ആണെന്ന് സംസ്ഥാന പ്രസിഡന്റ്‌ പ്രസ്താവിച്ചു.

ഹിന്ദുത്വ ശക്തികൾ എല്ലാ കാലത്തും വംശഹത്യകളിലും ആക്രമണങ്ങളിലും സ്ത്രീകൾക്കെതിരായി സവിശേഷമായ ആക്രമണങ്ങൾ നടത്തിയവരാണ്. ഗുജറാത്ത് വംശഹത്യയിലെ അതിജീവിത ബിൽക്കീസ് ബാനുവും അവസാനം രാജസ്ഥാനിലെ അലിശ്ബയുമെല്ലാം ഹിന്ദുത്വ ശക്തികളുടെ ജൻഡേർഡ് ഇസ്‌ലാമോഫോബിയയുടെ ഇരകൾ ആണ്. മണിപ്പൂരിൽ നഗ്നയാക്കപ്പെട്ട ഒരു സ്ത്രീയെ വഴി നടത്തിയതും, കാണ്ഡമാൽ വംശഹത്യയിലെ ബലാത്സഗവുമെല്ലാം ഹിന്ദുത്വ ശക്തികളുടെ രീതി ശാസ്ത്രത്തിന്റെ ഉദാഹരണങ്ങളാണ്. ഇതിന്റെ തുടർച്ചയിലാണ് ഇത്തരം നീക്കങ്ങളെയും മനസ്സിലാക്കാൻ.

സുള്ളി ഡീൽ ബുള്ളി ബായ് ആപ്പുകൾക്ക് ശേഷം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മുസ്ലിം സമൂഹത്തിനും സവിശേഷമായി അതിലെ സ്ത്രീ സമൂഹങ്ങൾക്കും എതിരെ വെറുപ്പ് ഉൽപ്പാദിപ്പിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമങ്ങളാണ് ഈ പ്രചരണം. ഹിന്ദുത്വ ശക്തികൾക്ക് എതിരെ തീക്ഷണമായ ചെറുത്തുനിൽപ്പുകൾ നടത്തുന്ന മുസ്ലിം സ്ത്രീകളെ ഭയപ്പെടുത്താനുള്ള നീക്കങ്ങൾ കൂടിയാണ് ഇതെല്ലാം. പക്ഷേ അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള കരുത്ത് മുസ്ലിം സ്ത്രീകൾ ആർജിച്ചിട്ടുണ്ട് എന്ന് ഇനിയെങ്കിലും ഹിന്ദുത്വ ശക്തികൾ തിരിച്ചറിയണം.

ഇത്തരം പല ചിത്രങ്ങളിലും ഹിന്ദു പുരുഷന്മാർ ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നതും, ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുന്നതമാണ്. മുസ്‌ലിം സ്ത്രീകളിൽ ഹിന്ദു പുരുഷനു തോന്നേണ്ട സാമൂഹിക- മാനസിക നിലയെ ആണ് ഇത്തരം എ.ഐ ചിത്രങ്ങളിലൂടെ നിർമിക്കാൻ ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്. മുസ്ലിം സ്ത്രീകളെ മുൻനിർത്തിയുള്ള വംശഹത്യാ ആഹ്വാനമായി തന്നെ ഇതിനെ തിരിച്ചറിഞ്ഞു കൊണ്ടുള്ള യോജിച്ച രാഷ്ട്രീയ നിയമ പോരാട്ടങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വംശഹത്യാ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ ഭരണകൂടം ഈ ഹിന്ദുത്വ ഫാൻറസിക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ വെറുപ്പിൻ്റെ പ്രചാരകരാകുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകൾക്കെങ്കിലും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News