മലപ്പുറം: സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സാധാരണക്കാർക്ക് അപ്രാപ്യമാക്കാന്‍ അനുവദിക്കില്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. അനാവശ്യമായി ഫീസ് വർദ്ധിപ്പിക്കുകയും രോഗികളെ കബളിപ്പിക്കുകയും ചെയ്യുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണം.
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സമൂഹത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഈ വിധം സർക്കാർ വ്യവസ്ഥാപിത സാമ്പത്തിക ചൂഷണം നടത്തുന്നത്.
ആവശ്യത്തിന് സൗജന്യമായി ലഭിക്കേണ്ട പരിശോധനകൾക്ക് പത്തിരട്ടിയോളം ഫീസ് വർധിപ്പിച്ച് സർക്കാർ ആശുപത്രിയെ ഒരു വാണിജ്യ സ്ഥാപനമാക്കി മാറ്റാൻ ശ്രമിക്കുകയാണ്. 540 രൂപയുള്ള പരിശോധനയ്ക്ക് 5000 രൂപവരെ ഈടാക്കുന്നതിലൂടെ വെളിപ്പെടുന്നത് ഗുരുതരമായ അഴിമതിയാണ്. രോഗികൾക്ക് കൃത്യമായ സൗജന്യ സേവനം ലഭ്യമാകേണ്ട ആശുപത്രികൾ കൊള്ള നടത്തപ്പെടുന്ന ഇടങ്ങളാവരുത്.
പൊതുജനങ്ങൾക്ക് ആശ്വാസമാകേണ്ട സർക്കാർ ആശുപത്രികളെ ചൂഷണ കേന്ദ്രമാക്കുന്നതിനെതിരെ ജനകീയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും പാർട്ടി നേതൃത്വം നൽകുമെന്നും എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. ജില്ല പ്രസിഡണ്ട് കെവി സഫീർഷ ആധ്യക്ഷം വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ അഷ്റഫ് വൈലത്തൂർ, അഷ്റഫ് അലി കട്ടുപ്പാറ, നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു. ട്രഷറർ നസീറാ ബാനു നന്ദി പറഞ്ഞു.