ഭക്തിസാന്ദ്രമായി അരിസോണ; പൊങ്കാല നിവേദിച്ചു ഭക്തർ

ഫീനിക്സ്: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച ആത്മനിർവൃതിയിൽ മനസ് നിറഞ്ഞ് ആരിസോണയിലെ ഭക്തർ. കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ.എച്.എ.) നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല ആഘോഷം വിപുലമായ ചടങ്ങുകളോടെ ശനിയാഴ്ച മാർച്ച് 8-നു നടന്നു. മഹാഗണപതി ക്ഷേത്രങ്കണത്തിൽ നടന്ന പൊങ്കാല ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ സാധനകൾ അനുഷ്ഠിച്ച് പരബ്രഹ്മസ്വരൂപിണിക്കു മുന്നിൽ നിവേദ്യം അര്‍പ്പിച്ച് ആത്മസമർപ്പണം നടത്തി.

അരിസോണയിൽനിന്നും അടുത്തുള്ള സംസ്ഥാനത്തു നിന്നുമായി നിരവധി ഭക്തർ ഇക്കുറിയും പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ 07 മണിക്ക് മഹാഗണപതി ഹോമത്തിനു ശേഷം നടന്ന ശുദ്ധപുണ്യാഹത്തോടെ ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. പൊങ്കാല ഉത്സവത്തോടനുബന്ധമായി വൃക്ഷപൂജ, നാഗപൂജ, ദേവിപൂജ, എന്നീ ചടങ്ങുകൾ നടന്നു.

രാവിലെ 09:00 തോടുകൂടി ക്ഷേത്രശ്രീകോവിലില്‍ നിന്നു പകർന്ന ദീപത്തിൽ നിന്നും താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മേൽശാന്തി ശ്രീ ജായന്തേശ്വരൻ ഭട്ടർ ക്ഷേത്ര നടയിൽ തയ്യാറാക്കിയ പണ്ടാരഅടുപ്പിൽ അഗ്നി പകര്ന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. ലളിതാസഹസ്രനാമത്തിന്റെയും, വായ്കുരവയുടെയും , മന്ത്രോച്ചാരങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ പണ്ടാര അടുപ്പിൽ അഗ്നിപടർത്തുന്ന കാഴ്ച ഭക്തമനസ്സുകളെ ആവേശത്തിലാഴ്ത്തി. പണ്ടാര അടുപ്പിൽ നിന്നും കമ്മറ്റി ഭാരവാഹികൾ വലിയ പന്തത്തിൽ ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്കു അഗ്നി പടർത്തിയതോടു കൂടി ഭക്ത മനസ്സിനൊപ്പം ക്ഷേത്ര പരിസരവും അഗ്നിയെ ഏറ്റുവാങ്ങി. പൊങ്കാലയിൽ വെള്ളപായസം, ശർക്കര പായസം, തെരളി എന്നിവയാണ് ഭക്തർ നിവേദ്യമായി തയ്യാറാക്കിയത്.

ഉച്ചക്ക് 12:00നു പൊങ്കാല തളിക്കൽ ചടങ്ങുകൾ നടന്നു. ഭക്തർക്കായി വിപുലമായ പൊങ്കാല സദ്യ സംഘാടകർ ഒരുക്കിയിരുന്നു. ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് നീതു കിരൺ, കിരൺ മോഹൻ, നിധിന ധനീഷ് എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News