കൊച്ചി വിമാനത്താവള പുനരധിവാസത്തിന്റെ രണ്ടാം ഘട്ട പാക്കേജിന് അംഗീകാരം

കൊച്ചി: കൊച്ചി വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തപ്പോൾ വീടും കൃഷിയിടവും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. മുൻ പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കായാണ് രണ്ടാം ഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ ഉപസമിതി ചെയർമാൻ കൂടിയായ മന്ത്രി പി രാജീവ് മുന്‍‌കൈയ്യെടുത്താണ് രണ്ടാം ഘട്ട പാക്കേജ് രൂപീകരിച്ചത്.

കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി ഒരു പുനരധിവാസ പാക്കേജ് ഇതിനകം നടപ്പിലാക്കിയിരുന്നു. സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിലെ തൊഴിലവസരങ്ങൾ, ടാക്സി പെർമിറ്റുകൾ, വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ച് ഹെഡ് ലോഡ് വർക്കേഴ്സ് സൊസൈറ്റിയിൽ അംഗത്വം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി പുനരധിവാസ പാക്കേജ് നടപ്പിലാക്കി. അത്തരമൊരു വിന്യാസം നടപ്പിലാക്കിയപ്പോൾ, നിരവധി ആളുകൾക്ക് കുറഞ്ഞ വേതന കരാർ ജോലികളാണ് ലഭിച്ചത്. പാക്കേജിൽ മാറ്റങ്ങൾ വരുത്തണമെന്ന ദീർഘകാല ആവശ്യം സിയാൽ ഇപ്പോൾ പരിഗണിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഭാഗമായി, എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗത്തിൽ താരതമ്യേന കുറഞ്ഞ വേതന കരാർ ജോലികളിൽ ജോലി ചെയ്തിരുന്ന 20 പേർക്ക് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് എയർ കാർഗോ ലോഡിംഗ് ആൻഡ് അൺലോഡിംഗ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അംഗത്വം നൽകും.

ഈ രംഗത്തെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും ആധുനിക ഭരണസംവിധാനത്തിന്റെ സഹായവും ഉറപ്പുവരുത്താനായി സിയാലിന്റെ മേൽോട്ടത്തിൽ രണ്ട് വർഷം മുമ്പ് രൂപവത്ക്കരിച്ച സൊസൈറ്റിയിൽ നിലവിൽ 120 അംഗങ്ങളുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും അസംഘടിത തലച്ചുമട് തൊഴിൽ മേഖലയിലും പ്രവർത്തിച്ചിരുന്നവരും ശാരീരിക അവശതകളാൽ പ്രസ്തുത തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും ഈ വിഭാഗത്തിൽപ്പെട്ട മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും സിയാലിന്റെ പ്രീ പെയ്ഡ് ടാക്‌സി സൊസൈറ്റിയിൽ പെർമിറ്റ് നൽകാനും തീരുമാനമായി. 25 പേർക്കാണ് ഈ അവസരം ലഭിക്കും. നിലവിൽ 650 പേർക്ക് ടാക്‌സി പെർമിറ്റുണ്ട്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ പേർക്ക് അവസരം ലഭ്യമാക്കും.

രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അർഹതപ്പെട്ടവരുടെ യോഗം സിയാലിൽ വിളിച്ചുചേർക്കുകയും മന്ത്രി പി.രാജീവ്, ഡയറക്ടർബോർഡിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയും ചെയ്തു. രണ്ടര ദശാബ്ദമായി നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിന് സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താൽപ്പര്യമെടുത്തിരുന്നെന്നും രാജീവ് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകൾ ലഭിച്ചു. സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു പാക്കേജ് രൂപീകരിച്ചത്. ടാക്സി സൊസൈറ്റിയും ഹെഡ്‌ലോഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്നു. അതിലെ അംഗങ്ങൾക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്. പുതിയ അംഗങ്ങൾക്കും ഈ അവസരം ലഭിക്കും. ഇതിനുപുറമെ, സിയാലിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ പ്രാപ്തരാക്കുന്നതിനായി സൗജന്യ നൈപുണ്യ വികസന പരിശീലനം നടപ്പിലാക്കാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ്, എക്സിക്യൂട്ടീവ് ഡയറക്ടർ വി ജയരാജൻ എന്നിവർ പങ്കെടുത്തു.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News