ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകം പരിശോധിച്ചാല്‍ സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. നമ്മള്‍ പഠിച്ചു വളര്‍ന്നത് ഓരോ മതങ്ങളും മാധ്യമങ്ങളും എഴുത്തുകാരും സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ, അനീതികളെ തല്ലിത്തകര്‍ത്ത് പുരോഗതിയിലേക്ക് നയിക്കുന്നത് കണ്ടും വായിച്ചുമാണ്. ഇന്നത്തെ വായനയില്‍ വിധിയിലും വലുത് കൊതിയാണ്. വിദ്യയില്‍ പോലും വിനയമില്ലാത്തവരാണ്. അതിനു ത്തരവാദി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മാധ്യമ രംഗത്ത് നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് കുതിച്ചു ചാടിയതോടെ മതിവരാത്ത വിധം പുതിയ വര്‍ണ്ണങ്ങളായി വെളിച്ച നിഴലുകളുടെ മായിക ലോകത്തു് മാനവക്രുരതയുടെ, ദുഃഖദുരിതത്തിന്‍റെ ഹൊറര്‍ ചിത്രങ്ങളായി ചാനലുകളടക്കം ആഘോഷിക്കയാണ്. മനുഷ്യ മനഃസാക്ഷി നഷ്ടപ്പെട്ട ഞരമ്പു രോഗികള്‍ക്കും മത മാനസിക രോഗികള്‍ക്കും പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍ ഭീകരതയുടെ മുഖമുദ്രകളാണ്. മലയാളി ആര്‍ജ്ജിച്ചെടുത്ത മൂല്യബോധത്തെ ഈ കൂട്ടര്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്നു. സ്നേഹവും കരുണയുമുള്ള മതമില്ലാത്ത ഒരു മനോഹര നാട്ടിലേക്ക് ഇവര്‍ എന്നാണ് കടന്നുവരിക?
മനുഷ്യജീവിതത്തെ നരകതുല്യജീവിതത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ഓരോ മതങ്ങളും ചെയ്യുന്നത്. ബുദ്ധമതം പഠിപ്പിക്കുന്നത് ശ്രീബുദ്ധന്‍റെ ‘നിര്‍വാണ പ്രാപ്തി’യാണ്. അത് പ്രപഞ്ച ശക്തിയുമായി ഇണ ചേര്‍ന്നു പോകുന്ന പ്രാണന്‍, അറിവ്, ബോധം, ഉപാസന തുടങ്ങിയവയുടെ ആധിപത്യം ഉയര്‍ത്തി കാണിക്കുന്നു. കേരളത്തില്‍ നിലനിന്നിരുന്ന അറുപതിലധികം അനാചാരങ്ങളെ ചോരതുടിപ്പുകളില്ലാതെ മനഃസാക്ഷി തുടുപ്പാകളാക്കിയ ആത്മീയാചാര്യനാണ് ശങ്കരാചാര്യര്‍. ഗുരുദേവന്‍ 1916-ലാണ് നമുക്ക് ജാതിയില്ല എന്ന് വിളംബരം ചെയ്തത്. ക്രിസ്തുമതം പഠിപ്പിക്കുന്നത് സ്നേഹം സമാധാനമാണ്. ഈ പ്രപഞ്ച ശക്തിയുടെ സന്ദേശവാഹകനായി വന്ന മുഹമ്മദ് നബിയും സമാധാനം നിലനിര്‍ത്താനാണ് പഠിപ്പിച്ചത്. വിശുദ്ധ ഖുറാനില്‍ ‘അസ്സലാം’ എന്ന വാക്കിന്‍റെ അര്‍ത്ഥം സമാധാനമാണ്. ആ സന്ദേശം ഉള്‍കൊള്ളൂന്നവരെയാണ് മുസ്ലിം എന്നറിയപ്പെടുന്നത്. ‘ശാലോം’ എന്ന വാക്കിനര്‍ത്ഥം സമാധാനം എന്ന് മാത്രമല്ല ഗുഡ്ബൈ എന്നും അര്‍ത്ഥമുണ്ട്.
ഈ ഗുഡ്ബൈ നമ്മള്‍ കാണുന്നത് മുന്തിരി വള്ളിയും ഒലിവ് മരങ്ങളും മഞ്ഞുമലകള്‍ ഇടിഞ്ഞുവീഴാത്ത അവിസ്മരണീയങ്ങളായ അനുഭവങ്ങളുള്ള വിശുദ്ധ ഭൂമിയായ ജെറുശലേമിലാണ്. അവിടെ പ്രകൃതി രൗദ്രഭാവം പൂണ്ടു നില്‍ക്കുന്നതോ അലറിയടിക്കുന്ന കൊടുംങ്കാറ്റോ കണ്ടിട്ടില്ല. ഇന്ന് കാണുന്നത് മറ്റുള്ളവരില്‍ ഭീതി പടര്‍ത്തി അടുത്തുള്ള പാലസ്തിനില്‍ ചുഴലിക്കാറ്റു പോലെ വീശിയടിക്കുന്നത് ഇസ്രായേല്‍ ബോംബിങ് ആണ്. ദൈവത്തിന്‍റെ സമാധാന നഗരം പിശാചിന്‍റെ ചെകുത്താന്‍ കോട്ടയായി മാറിയിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളികളുയരുക മാത്രമല്ല അവിടെ ജനിച്ചു വളര്‍ന്നവര്‍ അവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നു, ബി.സി 19000 ന്‍റെ ആദ്യ നാളുകളിലാണ് ഫിലിസ്തിന്‍ എന്ന പേരില്‍ നിന്ന് പാലസ്തീന്‍ ജന്മമെടുക്കുന്നത്. ലോകത്താദ്യമായി ബാബിലോണില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കൂട്ട പാലയനം ചെയ്തിട്ടുള്ള വരാണ് യഹൂദര്‍. അങ്ങനെ ധാരാളം ദാരുണങ്ങളായ തീക്കനലില്‍ കൂടി സഞ്ചരിച്ചവര്‍ പാലസ്തിന്‍ ജനതയെ കുടിയിറക്കുന്നത് ഭീകരുടെ ആക്രമണം, സ്വരക്ഷ, സുരക്ഷ എന്തെല്ലാം പേരിലായാലും പാലസ്തിന്‍ ജനത നിസ്സഹായരായി കണ്ണീര്‍ വാര്‍ക്കുന്നത് മനുഷത്വമുള്ള മനുഷ്യരുടെഹൃദയത്തില്‍ എന്നും തുടിച്ചു നില്‍ക്കുന്ന നൊമ്പരമാണ്. ഒരു ഭാഗത്തു് കണ്ണീരിന്‍റെ ഉപ്പും മറുഭാഗത്തു് ഭീകരരുടെ രക്തത്തുടിപ്പും നഷ്ടസ്വപ്നങ്ങളുടെ തീവൃത വാളെടുത്തവന്‍ വാളാല്‍ നശിക്കും എന്ന അവിടുത്തെ പ്രവാചക വചനങ്ങളില്‍ സത്യമായി കാണുന്നു. മതത്തേക്കാള്‍ മനുഷ്യരെ സ്നേഹിക്കാന്‍ ഇവര്‍ എന്നാണ് പഠിക്കുക?
ഒരു സമൂഹത്തില്‍ ഭയം ഭീതി ഭീകരത വളരുന്നതില്‍, വളര്‍ത്തുന്നതില്‍ ഭരണകൂടങ്ങള്‍ക്കും മതങ്ങള്‍ക്കും നല്ലൊരു പങ്കുണ്ട്. സാമൂഹ്യ സുരക്ഷയും, ആത്മീയ സാഫല്യവും ലഭിക്കാത്തതു കൊണ്ടാണോ ഇവരില്‍ ജാതിമത ചിന്തകള്‍ പൊന്തിവരുന്നത്?
നവംബര്‍ 1947-ല്‍ ഐക്യരാഷ്ട്ര സഭ യഹൂദനും പാലസ്തിനുമായി പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്ന് ഒരുകൂട്ടരെ പടിയടച്ചു് നാട് കടത്തുമ്പോള്‍ റോമന്‍ ഭരണകാലത്തു് യേശുക്രിസ്തു പറഞ്ഞ ഒരു വചനമാണ് ഓര്‍മ്മ വരുന്നത് ‘അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുവിന്‍’. റോമന്‍ ഭരണത്തില്‍ യഹൂദര്‍ എങ്ങനെ യേശുവിനെ ക്രൂശിലേറ്റിയോ അതുപോലെയാണ് പാലസ്തീനികളെ യഹുദര്‍ ക്രൂശിലേറ്റുന്നത്. യേശുവിന്‍റെ സ്ഥാനം ഇപ്പോള്‍ അമേരിക്ക ഏറ്റെടുത്തിരിക്കുന്നു. ഇവരുടെ പൂര്‍വ്വ പിതാവെന്നറിയപ്പെടുന്ന അബ്രഹാം ബാബിലോണ്‍ (ഇന്നത്തെ ഇറാക്ക്) ദൈവം വിളിച്ചിറക്കി കൊണ്ടുവന്നത് ഈ പാലും തേനുമൊഴുകുന്ന ദേശത്തേയ്ക്കാണ്. പാലസ്തിനിലെ പാവങ്ങള്‍ ഏത് പാലും തേനുമൊഴുകുന്ന ദേശത്തേക്കാണ് പറിച്ചു നടുന്നതെന്നറിയില്ല. അവര്‍ക്ക് ശോഭനമായ ഒരു ഭാവി മനുഷ്യത്വമുള്ളവര്‍ ആഗ്രഹിക്കുന്നുണ്ട്. ഈ ഭീകരരുടെ നടുവില്‍ അവര്‍ വേദനയോടെ കഴിയുകയാണ്. ചുരുക്കത്തില്‍ ക്രിസ്തുവിന്‍റെ പീഡാനുഭവ സംഭവങ്ങള്‍ പോലെ ഇന്നവിടെ കണ്ണീരും വിലാപങ്ങളുമാണ്. ദൈവത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തിയ മണ്ണില്‍ സമാധാനം പുലരുമോ? ഈ ദൈവങ്ങള്‍ക്കൊന്നും കണ്ണില്ലേ?
ജറുശലേമിലെ ജൂദാ റാബിമാര്‍ പറയുന്നത് അവിടുത്തെ വായു ശ്വസിക്കുന്നവനിലും ജ്ഞാനമുണ്ടെന്നാണ്. ആ വായുവിന് ഇന്ന് മരണ ഗന്ധമാണ്. ലോകത്തു് ഏറ്റവും കൂടുതല്‍ പ്രവാചകന്മാര്‍ ജന്മമെടുത്തിട്ടുള്ള, ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും കണ്ടിട്ടുള്ള ഈ മനോഹര വിശുദ്ധ ഭൂമിയില്‍ അമ്പരപ്പുളവാക്കുന്ന ഭയാനക കാഴ്ചകള്‍ നിര്‍വികാരതയോടെയാണ് ലോക ജനത കാണുന്നത്. അവിടെ ജാതിമതങ്ങള്‍ക്ക് പ്രസക്തിയില്ല. മനുഷ്യര്‍ അനുഭവങ്ങളില്‍ നിന്നാണ് പാഠങ്ങള്‍ പഠിക്കുന്നത്. ഹിറ്റ്‌ലറിന്റെ നാസിപ്പട ഏകദേശം അഞ്ചു് മില്യണിലധികം യഹൂദരെ കൊന്നൊടുക്കിയ ‘ഹോളോകോസ്റ്റ്’ ഇസ്രായേല്‍ ഭരണകൂടം മറന്നുപോയോ?
ഈ രക്തച്ചൊരിച്ചില്‍ നടത്തുന്ന ജൂത-ക്രിസ്ത്യന്‍-ഇസ്ലാം വിശ്വാസികളില്‍ ഒളിഞ്ഞിരിക്കുന്ന സത്യം ഈ മൂന്ന് കൂട്ടരുടേയും പിതാവും ആദ്യ പ്രവാചകനും അബ്രഹാം (ഇബ്രാഹിം) ആണ്. ഇദ്ദേഹത്തിന്‍റെ ഈ സന്തതി പരമ്പര എന്താണ് പിഴച്ചുപോയത്? അബ്രഹാമിന്‍റെ മക്കളായ ഇസ്മായേല്‍ അറബികളുടെ പരമ്പരയാണ്. ഇസഹാക്ക് യഹൂദ പരമ്പരയും. രണ്ട് കൂട്ടര്‍ക്കും അനുഗ്രഹം ലഭിച്ചിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിലെ ഏത് മതവിശ്വാസിയായാലും നമ്മുടെ പൂര്‍വ്വികരായ ധ്യാന ഗുരുക്കളാല്‍ ഓരോ ഭാരതീയനും അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ഈ മൂന്ന് കൂട്ടരുടേയും വിശുദ്ധഗ്രന്ഥങ്ങള്‍ പഠിക്കുന്നവര്‍ക്കറിയാം എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഈ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത് സ്നേഹവും നന്മകളും പരോപകാരങ്ങളുമെങ്കില്‍ ഈ ആധുനിക ലോകത്തു് പരോപദ്രവം നടത്തി ക്ഷുദ്ര മൃഗങ്ങളെപോലെ ഇവര്‍ എന്തിനാണ് ഏറ്റുമുട്ടുന്നത്? ഇവരില്‍ ആത്മീയ സാക്ഷരതാ ബോധം കുറഞ്ഞതു കൊണ്ടാണ് പരസ്പരം ഏറ്റുമുട്ടി കൊല്ലപ്പെടുന്നത്? ഈ വിശ്വാസികളുടെ ഇന്ദ്രിയങ്ങളില്‍ ശാന്തിസമാധാനം ഒരിതള്‍ പോലെ വിരിയാത്തത് എന്താണ്? ഇവര്‍ എന്തിനാണ് പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്? ഇവരുടെ ധ്യാനഹൃദയ ദേവാലയത്തില്‍ ആത്മാവിന്‍റെ ജാലകം തുറക്കാറില്ലേ? ആ ജാലകം തുറന്നിരുന്നെങ്കില്‍ ഇവരില്‍ ആത്മാവിന്‍റെ തുടിപ്പുകള്‍ കാണുമായിരുന്നു. ഇവരെ ഭരിക്കുന്നത് ഈശ്വരന്‍റെ ആത്മാവല്ല. കപട വിശ്വാസ ജഡത്തിന്‍റെയാണ്. ഈ വിശ്വാസികളുടെ ജീവിതം നിരാശാജനകമായ വിധം കൂടുതല്‍ ക്രൂരമാകുന്നതില്‍ മതങ്ങള്‍ക്കും വലിയൊരു പങ്കില്ലേ.? ഇവരുടെ കുഞ്ഞാടുകള്‍ വഴി തെറ്റി പോകുന്നുവെങ്കില്‍ അവരും അതിനുത്തരവാദികളാണ്. ആദ്യം ബോധവല്‍ക്കരണം നടത്തേണ്ടത് ഇവരെ പഠിപ്പിക്കുന്നവര്‍ക്കാണ്. ഇവര്‍ പഠിപ്പിച്ചു വിടുന്ന കുട്ടികള്‍ എന്തുകൊണ്ടാണ് വഴിതെറ്റി ജീവിക്കുന്നത്?
തലയില്ലാത്ത സോഷ്യല്‍ മീഡിയ എത്രയോ ദുഷ്ടലാക്കോടെ സത്യവിരുദ്ധമായ വാര്‍ത്തകള്‍, പരദൂഷണം, നുണ, ഭീതി, വ്യക്തിഹത്യ നടത്തി നിസ്സാര സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ചു് ആള്‍ക്കാരുടെ എണ്ണം കൂട്ടി സോഷ്യല്‍ മീഡിയകളില്‍ നിന്ന് പണം വാങ്ങുന്നത് ഇന്നൊരു തൊഴിലായി മാറിയിരിക്കുന്നു. ഇതൊക്കെ ഉപരിവര്‍ഗ്ഗ സമ്പന്നരുടെ, തല്പര കക്ഷിക്കാരുടെ ഇച്ഛകളെന്നറിയാം. അതാണല്ലോ സമൂഹത്തില്‍ നടക്കുന്ന ദുഷ്പ്രവര്‍ത്തികള്‍ ഇവര്‍ സമൂഹത്തോട് പറയാത്തത്. ഇവര്‍ സത്യം മൂടിവെച്ചാല്‍ ശ്രീ. മാത്യു സാമൂവേലിനെപ്പോലുള്ള ഉന്നത മാധ്യമ പ്രവര്‍ത്തകര്‍ അത് പുറത്തുകൊണ്ടുവരാറുണ്ട്. സമൂഹത്തില്‍ ഭീകര, ദുരന്തമുണ്ടാകുമ്പോള്‍ അതിനെ ആളിക്കത്തിക്കുന്നത് എന്ത് മാധ്യമസംസ്കാരമാണ്. അതിനെ ആളികത്തിക്കാതെ തീ അണക്കുന്നതല്ലേ മാധ്യമ ധര്‍മ്മം? സത്യസന്ധരായ ജേര്‍ണലിസ്റ്റുകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. ചാനല്‍ തുറന്നാല്‍ മനസ്സ് മരവിപ്പിക്കുന്ന കൊടുംങ്കാറ്റു പോലുള്ള കാഴ്ചകളാണ്. ഇവര്‍ സത്യം വെളിപ്പെടുത്തുകയല്ലേ വേണ്ടത്. ഏത് ജാതിയില്‍പ്പെട്ടവരായാലും മതസ്വാര്‍ത്ഥതയാണോ, മതസൗഹാര്‍ദ്ദമാണോ, സ്ഥാപിത താല്പര്യങ്ങളാണോ ചാനലുകളടക്കം നടത്തുന്നത്? മാധ്യമ സ്ഥാപനങ്ങള്‍ മത രാഷ്ട്രീയക്കാരുടെ കുത്തകയായതു കൊണ്ടാണല്ലോ മാധ്യമ മര്യാദയുടെ അന്തസത്തയെ അകറ്റി നിറുത്തി ഇകഴ്ത്തുക പുകഴ്ത്തുക പദ്ധതി നടപ്പാക്കുന്നത്. ഹീനമായ കൊലപാതകങ്ങള്‍ നടന്നാലും മത രാഷ്ട്രീയം നോക്കി കൊലപാതകിയെ രക്ഷപ്പെടുത്തുന്ന ന്യായ ശാസ്ത്രം നടത്തുന്ന അധഃപതിച്ച മാധ്യമ സംസ്കാരം കേരളത്തിലാണ്. ഇതില്‍ മനംനൊന്ത് കഴിയുന്ന ഇരകളുടെ ഹൃദയത്തുടിപ്പ് ഈ കുത്തക മുതലാളി മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? മനുഷ്യരുടെ രക്ഷാകവചമായി മാറേണ്ട ഭരണകൂടങ്ങള്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളെ പച്ചപ്പുല്ലു കണ്ട പശുക്കളെ പോലെ കയറൂരി വിടരുത്. ഏത് ദൈവമാണ് ഇവരെ നയിക്കുന്നതെന്നറിയില്ല.
കാലോചിതമായ മഹത്തായ സന്ദേശം.