
കോഴിക്കോട്: ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് കുല്ലിയ്യ ഉസ്വൂലുദ്ദീൻ ഒന്നാം വർഷ വിദ്യാർഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. ജോര്‍ദാന്‍ മതകാര്യവകുപ്പിന് കീഴിൽ 1993 ല്‍ ആരംഭിച്ച ഈ മത്സരം ലോകത്തിലെ ഏറ്റവും പഴക്കമുള്ള അന്താരാഷ്‌ട്ര ഖുര്‍ആന്‍ മത്സരങ്ങളിലൊന്നാണ്. യുവതലമുറക്കിടയിൽ ഖുർആൻ മനഃപാഠവും പാരായണ ശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ 25 ലക്ഷം ഇന്ത്യൻ രൂപയുടെ അവാർഡുകളാണ് ജേതാക്കൾക്ക് ലഭിക്കുക.
സഊദി, അമേരിക്ക, ഇറാഖ്, സുഡാന്‍, ഇന്തോനേഷ്യ, കിര്‍ഗിസ്ഥാൻ, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്കി, ടുണീഷ്യ, റഷ്യ, ബോസ്നിയ തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിലെ 54 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുർആൻ പഠിതാക്കളാണ് ഇന്നു(മാർച്ച് 20) മുതൽ 26 വരെയുള്ള മത്സരത്തിൽ മാറ്റുരക്കുക.
മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ സൈനുൽ ആബിദ് ദുബൈ, താൻസാനിയ, കിർഗിസ്ഥാൻ അന്താരാഷ്ട്ര ഖുർആൻ മത്സരങ്ങളിൽ ജേതാവായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രശസ്ത ഖുർആൻ പാരായണ-മനഃപാഠ മത്സരങ്ങളിൽ എല്ലാ വർഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയം നേടാറുമുണ്ട്. ഇതിനകം 27 അന്താരാഷ്‌ട്ര അവാർഡുകൾ മർകസ് ഖുർആൻ അക്കാദമിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ജോർദാനിലേക്ക് പുറപ്പെട്ട ഹാഫിള് സൈനുൽ ആബിദിനെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ജാമിഅ റെക്ടർ ഡോ. എപി അബ്ദുൽ ഹകീം അസ്‌ഹരി, പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വിജയാശംസകൾ നേർന്ന് യാത്രയാക്കി.