10,152 ഇന്ത്യക്കാർ വിവിധ വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ തടവിലാണ്: വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്

ന്യൂഡല്‍ഹി: 10,152 ഇന്ത്യൻ പൗരന്മാർ വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ വിചാരണ നേരിടുന്നവരോ ശിക്ഷിക്കപ്പെട്ടവരോ ആണെന്ന് കേന്ദ്ര സർക്കാർ ഇന്ന് (വ്യാഴാഴ്ച) പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയെ അറിയിച്ചു. രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഈ വിവരം നൽകിയത്. ഈ 49 പൗരന്മാരിൽ വിദേശ രാജ്യങ്ങളിൽ വധശിക്ഷ കാത്തിരിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 25 ആണ്. എന്നാൽ, തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിനർത്ഥം ഈ ആളുകൾ തൂക്കിലേറ്റപ്പെടാൻ കാത്തിരിക്കുകയാണെന്നാണ്.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) രാജ്യസഭാ എംപി അബ്ദുൾ വഹാബിന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഈ കണക്കുകൾ നൽകിയത്. നിരവധി ഇന്ത്യക്കാർ വർഷങ്ങളായി വിദേശ ജയിലുകളിൽ കഴിയുന്നുണ്ടോ എന്ന് വിദേശകാര്യ മന്ത്രാലയത്തോട് അബ്ദുള്‍ വഹാബ് ചോദിച്ചു. കൂടാതെ, വിദേശത്ത് വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യക്കാരെക്കുറിച്ചും അവരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യൻ സർക്കാർ എന്തെല്ലാം ശ്രമങ്ങൾ നടത്തിയെന്നും വിശദാംശങ്ങൾ ആരാഞ്ഞു.

“മന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങൾ പ്രകാരം, വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ എണ്ണം, വിചാരണ തടവുകാർ ഉൾപ്പെടെ 10,152 ആണ്” എന്ന് സിംഗ് പറഞ്ഞു. വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് സർക്കാർ ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എട്ട് രാജ്യങ്ങളെക്കുറിച്ചുള്ള പട്ടികാ ഡാറ്റയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണവും സിംഗ് പങ്കുവച്ചു, പക്ഷേ ഇതുവരെ വിധി നടപ്പാക്കിയിട്ടില്ല.

ലഭ്യമായ കണക്കുകൾ പ്രകാരം യുഎഇയിൽ 25 ഇന്ത്യക്കാർക്കും, സൗദി അറേബ്യയിൽ 11 പേർക്കും, മലേഷ്യയിൽ ആറ് പേർക്കും, കുവൈറ്റിൽ മൂന്ന് പേർക്കും, ഇന്തോനേഷ്യ, ഖത്തർ, യുഎസ്എ, യെമൻ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ശിക്ഷ കാത്തു കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 49 ആയി. മന്ത്രി നൽകിയ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തടവിലാക്കപ്പെട്ട രാജ്യങ്ങൾ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമാണ് (യുഎഇ). അവിടെ യഥാക്രമം 2,633 ഉം 2,518 ഉം തടവുകാരെ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നു. ഇതിനുശേഷം, നേപ്പാളിൽ 1,317 ഇന്ത്യൻ പൗരന്മാരും, ഖത്തറിൽ 611 പേരും, കുവൈറ്റിൽ 387 പേരും, മലേഷ്യയിൽ 338 പേരും, പാക്കിസ്താനിൽ 266 പേരും, ചൈനയിൽ 173 പേരും, അമേരിക്കയിൽ 169 പേരും, ഒമാനിൽ 148 പേരും, റഷ്യയിലും മ്യാൻമറിലും 27-27 ഇന്ത്യൻ പൗരന്മാരും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, 2020 മുതൽ കുവൈറ്റ് 25 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിൽ ഒമ്പത് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു, സിംബാബ്‌വെയിൽ ഏഴ് പേർക്കും, മലേഷ്യയിൽ അഞ്ച് പേർക്കും, ജമൈക്കയിൽ ഒരാൾക്കും വധശിക്ഷ വിധിച്ചു. വധശിക്ഷകളുടെ എണ്ണം യുഎഇ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ഇന്ത്യൻ പൗരനെയും അവിടെ വധിച്ചിട്ടില്ലെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

“വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതും തിരിച്ചയക്കുന്നതുമായ വിഷയം വിദേശത്തുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും പ്രാദേശിക അധികാരികളുമായി പതിവായി ചർച്ച ചെയ്യാറുണ്ട്. അന്വേഷണങ്ങളും ജുഡീഷ്യൽ നടപടികളും വേഗത്തിലാക്കാൻ നിയമ നിർവ്വഹണ ഏജൻസികളുമായും മിഷനുകൾ ബന്ധപ്പെടുന്നു,” മന്ത്രാലയം പറഞ്ഞു.

ഇന്ത്യൻ തടവുകാർക്ക് കോൺസുലാർ പ്രവേശനം, നിയമസഹായം, അപ്പീലുകൾ, ദയാഹർജികൾ എന്നിവയുൾപ്പെടെയുള്ള നിയമപരമായ പരിഹാരങ്ങൾ തേടുന്നതിനുള്ള സഹായം എന്നിവ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകി. കഴിഞ്ഞ മാസം യുഎഇ മൂന്ന് ഇന്ത്യക്കാരെ തൂക്കിലേറ്റിയതിനെക്കുറിച്ച് ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയായ ഉത്തർപ്രദേശിൽ നിന്നുള്ള ഷഹ്‌സാദി ഖാനും ഉൾപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News