തിരുവനന്തപുരം: മാലിന്യമുക്ത നവകേരള പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 22, 23 തീയതികളിൽ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ പൊതുശുചീകരണം നടക്കും. 30-ന് തദ്ദേശ സ്ഥാപന തലത്തിൽ മാലിന്യമുക്ത നവകേരള പ്രഖ്യാപനങ്ങൾ നടത്തുന്നതിന്റെ മുന്നോടിയാണിത്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും അജൈവ മാലിന്യ ശേഖരണം നടക്കുന്നുണ്ട്. ഉറവിടത്തിൽ തന്നെ ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്തുകൾ ഒരുക്കുന്നുണ്ട്.
എന്നാല്‍, ചില സ്ഥലങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിയമം കർശനമാക്കിയിട്ടും ഈ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി പിഴ ചുമത്തുന്നുണ്ടെങ്കിലും, മുമ്പ് നിക്ഷേപിച്ചിരുന്നവ ഉൾപ്പെടെ ചില സ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇത്തരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി, ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിൽ ഒരു മെഗാ ക്ലീനിംഗ് പ്രോഗ്രാം സംഘടിപ്പിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്ഥലങ്ങളിൽ സാധ്യമായ സ്ഥലങ്ങളിൽ പൂന്തോട്ടങ്ങൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ഓരോ പഞ്ചായത്തിനും ആവിഷ്കരിക്കും.
ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന, എൻഎസ്എസ്, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റസിഡന്റ്സ് അസോസിയേഷനുകൾ, പൊതു സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പരിപാടികൾ നടത്തുന്നത്.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍