
കോഴിക്കോട്: സമൂഹം പല തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കാലത്ത് വിശുദ്ധ ഖുർആന്റെ ധാർമിക പാഠങ്ങൾ പുതുതലമുറയെ അഭ്യസിപ്പിക്കേണ്ടത് അനിവാര്യമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സീ ക്യൂ ഖുർആൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സഹ്റത്തുൽ ഖുർആൻ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ‘തർനീം’ അന്തിമ തല മത്സരത്തിൽ മാറ്റുരച്ചത്. യൂണിറ്റ്, സോൺ തല മത്സരങ്ങളിൽ മികവ് പുലർത്തിയവരായിരുന്നു മത്സരികൾ. ഖുർആൻ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളിൽ നടന്ന ഫെസ്റ്റിലെ വിജയികൾക്ക് 25 ന് നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
ഉദ്ഘാടന ചടങ്ങിൽ മുഹമ്മദലി സഖാഫി വള്ളിയാട്, യൂസുഫ് ലത്വീഫി വാണിയമ്പലം, യൂനുസ് അഹ്‌സനി ആമപ്പൊയിൽ, അബ്ദുൽ ഹസീബ് സഖാഫി, അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, വി എം റശീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി സംസാരിച്ചു. സീ ക്യൂ അഡ്മിനിസ്ട്രേറ്റർ ശാഫി സഖാഫി, കോഡിനേറ്റർമാരായ ഇല്യാസ് അസ്ഹരി, അബൂബക്കർ അരൂർ, അനീസുദ്ദീൻ സംബന്ധിച്ചു.