പാലക്കാട്: എൻ എസ് എസ് അകത്തേത്തറ എഞ്ചിനീയറിംഗ് കോളേജിലെ ഇ ഗ്രാന്റ് അട്ടിമറിയിൽ സമഗ്രന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ പുലാപ്പറ്റ ഉദ്ഘാടനം ചെയ്തു.
എസ് സി/എസ് ടി/ഒ ബി സി വിദ്യാർത്ഥികളുടെ ഇ – ഗ്രാൻ്റ് അട്ടിമറിക്ക് കൂട്ട് നിന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ തന്നെ നടപടി എടുക്കണമെന്നും മുഴുവൻ വിദ്യാർത്ഥികൾക്കും അടിയന്തരമായി ഗ്രാന്റുകൾ ലഭ്യമാക്കണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
സംസ്ഥാന തലത്തിൽ വ്യാപകമായി ഇ ഗ്രാന്റുകൾ അട്ടിമറിക്കപ്പെടുന്നതും തടഞ്ഞു വെക്കുന്നതും പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാരിന്റെ അവഗണയുടെയും നീതിനിഷേധത്തിന്റെയും തുടർച്ചയാണ്. കുറ്റാരോപിതരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയില്ലെങ്കിൽ സമര പോരാട്ടങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ നൗഷാദ് കോങ്ങാട്, സഹ്‌ല ഇ പി, സെക്രട്ടറി സമദ് പുതുപ്പള്ളിത്തെരുവ്, ജില്ലാ കമ്മിറ്റി അംഗം അമീൻ ഉതുങ്ങോട്, വെൽഫയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം സൈദ് പറക്കുന്നം തുടങ്ങിയവർ നേതൃത്വം നൽകി.