
കോഴിക്കോട്: വിശുദ്ധ ഖുർആൻ പ്രമേയമായി സംഘടിപ്പിക്കപെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആത്മീയ സദസ്സായ മർകസ് ഖുർആൻ സമ്മേളനത്തിന് തുടക്കം. അസർ നിസ്‌കാരാനന്തരം കാമിൽ ഇജ്തിമയിൽ നടന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖുർആൻ വിളംബരം ചെയ്യുന്ന ജീവിതക്രമം അനുസരിച്ച് ജീവിക്കാൻ ബാധ്യതയുള്ളവരാണ് വിശ്വാസികൾ എന്നും സ്വസ്ഥമായ സാമൂഹിക ക്രമവും പരലോക വിജയവും സാധ്യമാവാൻ ഖുർആൻ പാഠങ്ങൾ മുറുകെ പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ശേഷം നടന്ന ഹിഫ്ള് വിദ്യാർഥികളുടെ ദസ്തർ ബന്ദി ചടങ്ങിന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകി. അബൂബക്കർ സഖാഫി പന്നൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, വി എം റശീദ് സഖാഫി, ഉനൈസ് മുഹമ്മദ് സംബന്ധിച്ചു.
മസ്ജിദുൽ ഹാമിലിയിൽ നടന്ന വിർദു ലത്വീഫ് സദസ്സിന് സയ്യിദ് അബ്ദു സ്വബൂർ ബാഹസൻ അവേലംവും മരണപ്പെട്ടവരുടെ പേരിൽ നടന്ന യാസീൻ ദുആക്ക് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയും നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബൂബക്കർ സഖാഫി വെണ്ണക്കോട്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ഖാരിഅ അബ്ദുറഊഫ് സഖാഫി, ബശീർ സഖാഫി എ ആർ നഗർ സംബന്ധിച്ചു.
ഇഫ്ത്വാറിന് ശേഷം പതിവ് ആരാധനകളെ കൂടാതെ അവ്വാബീൻ-തസ്ബീഹ് നിസ്‌കാരം, ഹദ്ദാദ് റാത്തീബ്, ഖസീദതുൽ വിത്രിയ്യ പാരായണം എന്നിവ നടക്കും. വിവിധ പാരായണ ശൈലിയിൽ പ്രമുഖ ഖാരിഉകളുടെ നേതൃത്വത്തിലുള്ള ഖുർആൻ ആസ്വാദന സദസ്സും സമ്മേളനത്തിന്റെ ഭാഗമാണ്. ജോർദ്ദാൻ, താൻസാനിയ, ഇന്തോനേഷ്യ എന്നീ അന്താരാഷ്ട്ര മത്സരങ്ങളിൽ മികവ് തെളിയിച്ച ഹാഫിള് സൈനുൽ ആബിദ്, ഹാഫിള് ത്വാഹാ ഉവൈസ്, ഹാഫിസ ആഇശ ഇസ്സ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. എമിറേറ്റ്സ് ചാരിറ്റബിൾ അസോസിയേഷൻ സംഘടിപ്പിച്ച ഖുർആൻ ഹിഫ്ള് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർ, പെരളശ്ശേരി മർകസ് ഹിഫ്ള് അക്കാദമിയിൽ നിന്ന് 18 മാസം കൊണ്ട് ഹിഫ്ള് പൂർത്തിയാക്കിയ റാഹിദ് അലി ഓണപ്പറമ്പ്, മുഹമ്മദ് നസീഹ് മുജ്തബ തോഡാർ, 37 ദൗറ പൂർത്തിയാക്കിയ മപ്രം ബുഖാരിയ്യ ഹിഫ്ള് അക്കാദമിയിലെ ഹാഫിള് സാബിത് മഞ്ചേരി എന്നിവർക്ക് സമ്മേളനത്തിന്റെ ഉപഹാരം കൈമാറും.
രാത്രി പത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ഹിഫ്ള് സനദ് ദാനവും പൊതുസമ്മേളനവും ആരംഭിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അധ്യക്ഷത വഹിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഖുർആൻ പ്രഭാഷണം നിർവഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ബദ്‌രിയ്യത്ത് പാരായണത്തിന് നേതൃത്വം നൽകും. സനദ് ദാനത്തിനും സമാപന പ്രഭാഷണത്തിനും പ്രാർഥനക്കും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം വഹിക്കും. പ്രാസ്ഥാനിക നേതാക്കളും ജാമിഅ മർകസ് മുദരിസുമാരും സംബന്ധിക്കുന്ന സമ്മേനത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആയിരങ്ങൾ പങ്കെടുക്കും. സമ്മേളനം തത്സമയം മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭിക്കും. https://www.youtube.com/markazonline