അമേരിക്കയിലുള്ള മാർ അത്തനേഷ്യസ് ആർട്സ് & സയൻസ് കോളേജിലെ പൂർവവിദ്യാർഥി സംഘടനയായ മാർ അത്തനേഷ്യസ് കോളേജ് ആർട്സ് & സയൻസ് യു. എസ്. എ. ആലുമ്നി (MAC USA Alumni) യുടെ ഔപചാരിക ഉത്‌ഘാടനം മാർച്ച് 14 വെള്ളിയാഴ്‌ച നടന്നു. വൈകിട്ടു 9 മണിക്ക് (EST) (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ശനിയാഴ്‌ച രാവിലെ 6:30 ന്) എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറിയും ആർട്സ് & സയൻസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസിൻറെ അധ്യക്ഷതയിൽ സൂം പ്ലാറ്ഫോമിൽ നടന്ന പൂർവ വിദ്യാർഥി സമ്മേളനത്തിൽ വച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു.
മണ്മറഞ്ഞ അധ്യാപകരെയും, വിദ്യാർത്ഥികളെയും അനുസ്മരിച്ചുകൊണ്ടുള്ള മൗനപ്രാർത്ഥനയോടും, Ms. ജാനിയ പീറ്ററിൻറെ പ്രാർത്ഥനാ ഗാനത്തോടും കൂടെ മീറ്റിംഗ് സമാരംഭിച്ചു. യൂ. എസ്. എ. ചാപ്റ്റർ പുനർസംഘടിപ്പിക്കാൻ മുൻകൈയെടുത്ത പ്രസിഡണ്ട് സാബു സ്കറിയ മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് യു. എസ്. എ. ആലുമ്നി പുനർസംഘടിപ്പിക്കുന്നതിനുണ്ടായ ചേതോവികാരവും ആവശ്യകതയും സദസ്സിനെ അറിയിക്കുന്നതോടൊപ്പം അലുമ്‌നിയുടെ ഉദ്ദേശലക്ഷ്യങ്ങളും വിവരിച്ചു.
എം.എ.സി. യു.എസ്.എ അലുമ്‌നിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സർവവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതോടൊപ്പം, സംഘടനയുടെ ക്രിയാത്മകമായ എല്ലാ കാര്യങ്ങളിലും കുടെ നിന്ന് പ്രവർത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധനാണെന്നും ഡോ. വർഗീസ് അറിയിച്ചു.
അമേരിക്കയിലുള്ള വിവിധ യൂണിവേഴ്സിറ്റികളുമായി ബന്ധം സ്ഥാപിക്കുന്നതിനും അവയോടു സഹകരിച് അക്കാദമിക് തലത്തിലും ബന്ധപ്പെട്ട മേഖലകളിലും മാറ്റങ്ങൾ വരുത്തുന്നതിനും, നേട്ടങ്ങൾ കൈവരിക്കുന്നതിനും ഈ പൂർവവിദ്യാർഥി സംഘടനക്ക് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു . വിദ്യാർത്ഥി എക്സ്ചേഞ്ച് പ്രോഗ്രാം പോലെയുള്ള പരിപാടികൾ നടപ്പാക്കുന്നതിനുള്ള സാധ്യതകൾക്ക് വഴി തുറക്കാൻ മാർ അത്തനേഷ്യസ് കോളേജ് യൂ എസ് ആലുംനിക്കു സാധിക്കട്ടെ എന്ന് ഡോ. വര്ഗീസ് ആശംസിച്ചു.
1955 ജൂലൈ 14 ന് 127 വിദ്യാർത്ഥികളോടും 15 അദ്ധ്യാപകരോടും കൂടി പ്രവർത്തനമാരംഭിച്ച മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് ഇന്ന് 13 അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം, 2 വൊക്കേഷണൽ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം, ഇന്ന് രണ്ടായിരത്തിൽപരം വിദ്യാർത്ഥികളും, 17 പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം, 1 ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം, 5 ഡോക്ടറൽ പ്രോഗ്രാം ഒക്കെയായി വളർന്നു. കൂടാതെ കായിക രംഗത്ത് അന്താരാഷ്ട്ര തലത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത് അഭിമാനപൂർവം സ്മരിക്കുന്നതായി പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ തൻ്റെ ഉത്‌ഘാടന പ്രസംഗത്തിൽ അറിയിച്ചു . എം എ കോളജ് ഒരു ഓട്ടോണോമസ് കോളേജ് ആണെന്നും, അതിൻ്റെ അനസ്വീതമായ വളർച്ചയ്ക്ക് തലമുറകളുടെ പ്രയക്ത്നം ഉണ്ടെന്നും, അമേരിക്കയിലെ പൂർവവിദ്യാർഥി സംഘടനയുടെ പ്രവർത്തനം കോളേജിൻറെ വിവിധ തരത്തിലുള്ള വളർച്ചക്കും, പ്രത്യേകിച് അമേരിക്കൻ യൂണിവേഴ്സിറ്റികളുമായുള്ള പങ്കാളിത്ത്വത്തിനും വഴി തെളിക്കട്ടെ എന്നും ഡോ. കുര്യൻ ആശംസിച്ചു, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട്, അലുംനിക്കു ആശംസകൾ നേർന്നുകൊണ്ടും, എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടും പ്രിൻസിപ്പൽ എം എ ആർട്സ് & സയൻസ് കോളജ് യൂ.എസ്.എ. അലുംനി ഉത്‌ഘാടനം ചെയ്‌തു.
(വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മികച്ച അക്കാദമിക് നിലവാരം പുലർത്തിയിരുന്ന പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്ക് ധാരി കൂടിയാണ്. മികച്ച അദ്ധ്യാപികക്കും പ്രിൻസിപ്പലിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്).
കേരളത്തിൽ നിന്ന് വിവിധ മേഖലയിലുള്ള പ്രമുഖ വ്യക്തികൾ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തൻ്റെ പാർലമെന്റ് മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന എം.എ. കോളജ് ഈ പ്രദേശത്തിന്റെ മാത്രമല്ല, ഈ നാടിൻറെ തന്നെ അഭിമാനമാണെന്നും, ഈ നാടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് മാർ അത്തനേഷ്യസ് കോളേജ് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ് തൻറെ ആശംസ പ്രസംഗത്തിൽ പ്രസ്താവിച്ചു. തൻ്റെ രാഷ്ട്രീയ ജൈത്രയാത്രയുടെ തുടക്കം എം.എ. കോളേജ് ആയിരുന്നെന്നും ഈ കലാലയ ജീവിതത്തിൽ നിന്നും പകർത്തിയെടുത്ത മൂല്യങ്ങളാണ് തൻ്റെ ജീവിതവിജയത്തിന് അടിസ്ഥാനമായതെന്നും എം.എ. കോളേജ് ഓഫ് ആർട്സ് & സയൻസിലെ പൂർവ്വ വിദ്യാർത്ഥിയായ, കോതമംഗലം എം. എൽ. എ. ആന്റണി ജോൺ പ്രസ്താവിച്ചു. മാർ അത്തനേഷ്യസ് കോളേജിലെ തൻ്റെ കലാലയ ജീവിതം ഒരു സുവർണ്ണ കാലമായി മറ്റൊരു പൂർവ്വവിദ്യാർത്ഥിയായ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴല്‍നാടൻ വിശേഷിപ്പിച്ചു. അവിടെനിന്നു തനിക്കു കിട്ടിയ വിദ്യയും അനുഭവങ്ങളും എന്നും തന്നെത്തന്നെ മുമ്പോട്ട് നയിക്കുന്നതിനുള്ള ആത്മശക്തിയും ദിശാബോധവും പ്രദാനം ചെയ്യുന്നവയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എം.എ.സി. യു.എസ്.എ ക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം, തനിക്ക് കഴിഞ്ഞ 4 വർഷത്തെ എം എൽ എ ശമ്പളമായി കിട്ടിയ 25 ലക്ഷം രൂപാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുന്നതായും അറിയിച്ചു.
എം. എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, എം.എ. കോളേജ് ആലുമ്നി അസോസിയേഷൻ പ്രസിഡൻറ് പ്രൊഫസർ (റിട്ട.) കെ. എം. കുര്യാക്കോസ്, ആലുമ്നി അസോസിയേഷൻ സെക്രട്ടറിയും, അസിസ്റ്റന്റ് പ്രിൻസിപ്പാളുമായ ഡോ. എബി. പി. വർഗീസ് എന്നിവർ അലുംനിക്ക് എല്ലാവിധ പിന്തുണയും ആശംസകളും അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തന്നെ താനാക്കിയതും തൻ്റെ ഉയർച്ചയുടെ പാത തെളിയിച്ചതും മാർ അത്തനേഷ്യസ് കോളേജ് ആണെന്നും, സൗകര്യം കിട്ടുമ്പോളെല്ലാം കോളേജ് സന്ദർശിക്കാറുണ്ടെന്നും യൂ എസ് എ അലുമ്‌നിയുടെ ഉപദേശകസമിതി ചെയർമാനായ പി. ഓ. ജോർജ്ജ് അറിയിച്ചു.
നാഷണൽ കോ-ഓർഡിനേറ്റർ, ജിയോ ജോസഫ് അലുമ്‌നിയുടെ പുതിയ ഭാരവാഹികളായി നാമനിർദേശം ചെയ്യുന്നവരെ സദസ്സിനു പരിചയപ്പെടുത്തി. യു.എസ്.എ. അലുംനിക്കുവേണ്ടി സെക്രട്ടറി ജോബി മാത്യു സ്വാഗതവും, അലുമ്നി ട്രഷറർ ജോർജ്ജ് മാലിയിൽ നന്ദിയും പ്രകാശിപ്പിച്ചു. മീറ്റിംഗ് സമയബന്ധിതമായും, ചിട്ടയോടും കൂടെ നടത്തുന്നതിൽ എം. സി. ആയി ശ്രീമതി എൽസാ ജുബ് തൻ്റെ മികവ് തെളിയിച്ചു.