തലവടി: സിഎംഎസ് ഹൈസ്കൂള്‍ പൂർവ വിദ്യാർത്ഥി സംഗമവും സംഘടനയുടെ പ്രഥമ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന് യാത്രയയപ്പും നല്‍കി .
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു.
സിഎസ്ഐ സഭാ മുൻ മോഡറേറ്ററും പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരിയുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഉപദേശക സമിതി അംഗം സജി ഏബ്രഹാം ഉപഹാരം സമർപ്പിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, അഡ്വ. ഐസക്ക് രാജു, മാത്യൂസ് പ്രദീപ് ജോസഫ്, സി. വി. ജോർജ്, ആന്റണി ജോസഫ്, ടോം ഫ്രാൻസിസ് പരുമൂട്ടിൽ, ജെസ്സി പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
പിതാവ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്ത അതേ ഇടവകയിൽ വൈദീകൻ, സ്കൂൾ ലോക്കൽ മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എന്നീ നിലകളില്‍ ശുശ്രൂഷ നിർവഹിക്കാൻ ലഭിച്ച അവസരം ദൈവീക നിയോഗമായി കാണുന്നുവെന്ന് റവ. മാത്യൂ ജിലോ നൈനാൻ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
1839ൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സെന്റ് തോമസ് സിഎസ്‌ഐ ഇടവകയിൽ 1974 ,1993 വർഷങ്ങളിൽ രണ്ട് വർഷം വീതം റവ മാത്യൂ ജിലോ നൈനാന്റെ പിതാവ് റവ. നൈനാൻ മാത്യൂ വൈദീകനായി സേവനം അനുഷ്ഠിച്ചിരുന്നു. ദൈവാലത്തിനോട് ചേർന്ന് 1841ൽ സ്ഥാപിതമായ സിഎംഎസ് സ്കൂളിലാണ് 1974ൽ റവ. മാത്യൂ ജിലോ നൈനാൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
സാമൂഹിക ആരോഗ്യ സാംസ്കാരിക സഭാ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുത്ത ഈ സ്കൂൾ 1983ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കുവാൻ പല ശ്രമങ്ങൾ നടന്നെങ്കിലും 2021ൽ ഇടവക വികാരിയായി നിയോഗിതനായ റവ. മാത്യൂ ജിലോ നൈനാൻ നടത്തിയ പരിശ്രമങ്ങൾ 2023ൽ സാക്ഷാത്കരിക്കാന്‍ ഇടയായത്. പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വരികയും അമരക്കാരനായി കഴിഞ്ഞ 15 മാസം നിലകൊണ്ട് സ്കൂളിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ ചാരിതാർത്ഥ്യത്തോടെയാണ് റവ. മാത്യൂ ജിലോ നൈനാൻ സ്ഥലം മാറി പോകുന്നത്. നെടുങ്ങാടപ്പള്ളി സിഎംഎസ് ഹൈസ്കൂൾ അദ്ധ്യാപിക സാറാമ്മ മാത്യൂവാണ് സഹധർമ്മിണി. അന്നമ്മ നൈനാൻ മാത്യൂ ആണ് മാതാവ്.