ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എംപി കെ രാധാകൃഷ്ണന് കൂടുതല്‍ സമയം അനുവദിച്ചു. നേരത്തെ, ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രാധാകൃഷ്ണന് നോട്ടീസ് അയച്ചിരുന്നു.
എന്നാൽ, പാർലമെന്റ് സമ്മേളനം ഡൽഹിയിൽ നടക്കുന്നതിനാൽ ഉണ്ടാകുന്ന അസൗകര്യം കെ രാധാകൃഷ്ണൻ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഏപ്രിൽ 8 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലെത്താൻ ഇഡി രാധാകൃഷ്ണൻ എംപിക്ക് സമയം അനുവദിച്ചു. മുമ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്ന ഇഡി നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നു.
ബാങ്ക് തട്ടിപ്പ് നടന്ന കാലഘട്ടത്തിലെ സിപിഐഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനായാണ് ഇഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷമായിരിക്കും കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കുക. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ വൈകിയതിനാൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രതിസന്ധി ഉണ്ടായിരുന്നു.