കൊച്ചി: എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്ന പ്രധാന കണ്ണിയെ പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസം സ്വദേശി റോബിൻ മണ്ഡലാണ് അറസ്റ്റിലായത്. പെരുമ്പാവൂർ ഭായ് കോളനിയിൽ നിന്ന് 9 കിലോയിലധികം കഞ്ചാവുമായാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കോതമംഗലത്തെ കോളേജിലെ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയിരുന്നു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ അറസ്റ്റിലായത്. വിശദമായ പരിശോധനയിൽ 9 കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി. വാട്ട്‌സ്ആപ്പ് വഴിയാണ് ഇയാൾ കഞ്ചാവ് വിതരണം നടത്തിയിരുന്നത്. ചെറിയ പാക്കറ്റുകളാക്കിയാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്. ഓപ്പറേഷൻ ക്ലീൻ എന്ന പേരിലാണ് പോലീസ് മയക്കുമരുന്ന് വേട്ട ആരംഭിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലം ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
പുരയിടത്തിൽ വളർത്തിക്കൊണ്ട് വന്ന 172 സെ.മീ, 86 സെ.മീ എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും, ഇയാളുടെ വീട്ടിൽ നിന്നും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. പിടികൂടിയ കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു.