നാശം വിതച്ച് ദക്ഷിണ കൊറിയയിൽ വന്‍ തീപിടുത്തം; രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നു

ദക്ഷിണ കൊറിയയിലെ കാടുകളിലുണ്ടായ തീ പിടുത്തത്തില്‍ ഇതുവരെ 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 19 പേർക്ക് പൊള്ളലേറ്റു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും തീ കൂടുതൽ രൂക്ഷമാക്കാൻ കാരണമായി. 1300 വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രവും കത്തിനശിച്ചു. തീപിടുത്തത്തിൽ ഇതുവരെ 43,000 ഏക്കർ ഭൂമി കത്തിനശിച്ചു. ആൻഡോങ്ങിലെയും മറ്റ് നഗരങ്ങളിലെയും പട്ടണങ്ങളിലെയും ആളുകളോട് വീടുകൾ ഒഴിയാൻ ഭരണകൂടം ഉത്തരവിട്ടു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്ന തിരക്കിലാണ്. പക്ഷേ ഇതുവരെ പൂർണ്ണ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.

അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലാണ് കാട്ടുതീ പടർന്നത്. ശനിയാഴ്ച സാഞ്ചിയോങ്ങിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് അഗ്നിശമന സേനാംഗങ്ങൾ മരിച്ചതായി കൊറിയ ഫോറസ്റ്റ് സർവീസ് റിപ്പോര്‍ട്ട് ചെയ്തു. തീ അണയ്ക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആക്ടിംഗ് പ്രധാനമന്ത്രി ഹാൻ ഡുക്-സൂ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആൻഡോങ്ങിലും അയൽ പ്രദേശങ്ങളായ ഉയിസോങ്, സാഞ്ചിയോങ് കൗണ്ടികളിലും ഉൽസാൻ നഗരത്തിലും 5,500-ലധികം ആളുകൾക്ക് വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായി . ദക്ഷിണ കൊറിയയുടെ ആഭ്യന്തര, സുരക്ഷാ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, തീപിടുത്തം ഇവിടെയാണ് ഏറ്റവും രൂക്ഷമായത്. ഉയിസോങ് കൗണ്ടിയിലെ തീ അതിവേഗം പടരുകയാണ്. ഇപ്പോൾ ആൻഡോങ്, ഉയിസോങ് കൗണ്ടികളിലെ ഉദ്യോഗസ്ഥർ നിരവധി ഗ്രാമങ്ങളിലും ആൻഡോങ് സർവകലാശാലയ്ക്ക് സമീപവും താമസിക്കുന്നവരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ഉത്തരവിട്ടിട്ടുണ്ട്.

അഗ്നിശമന സേനാംഗങ്ങൾ വലിയൊരളവിൽ തീ അണച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം തീ വീണ്ടും രൂക്ഷമായി. ഏകദേശം 9,000 അഗ്നിശമന സേനാംഗങ്ങളും 130 ലധികം ഹെലികോപ്റ്ററുകളും നൂറുകണക്കിന് വാഹനങ്ങളും തീ അണയ്ക്കാൻ സഹായിക്കുന്നുണ്ട്.

കൊറിയൻ ഹെറിറ്റേജ് സർവീസിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഉയിസോങ്ങിലെ ഒരു തീപിടുത്തത്തിൽ 1,300 വർഷം പഴക്കമുള്ള ഗ്യൂൻസയിലെ ബുദ്ധക്ഷേത്രം കത്തി നശിച്ചു . ഏഴാം നൂറ്റാണ്ടിലെ ഈ ക്ഷേത്രം മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ക്ഷേത്രത്തിൽ തീ പടരുന്നതിന് മുമ്പ് ബുദ്ധ പ്രതിമയും ചില ദേശീയ പൈതൃക വസ്തുക്കളും നീക്കം ചെയ്തിരുന്നു.

തീപിടുത്തത്തെത്തുടർന്ന് യോങ്‌ഡിയോക്ക് നഗരത്തിലെ റോഡുകൾ അടച്ചിട്ടിരിക്കുന്നു. നാല് ഗ്രാമങ്ങളിലെ ജനങ്ങളോട് വീടുകൾ വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിയോങ്‌സോങ് കൗണ്ടിയിലെ ഒരു ജയിലിൽ നിന്ന് ഏകദേശം 2,600 തടവുകാരെ മാറ്റിപ്പാർപ്പിച്ചു. എന്നാല്‍, ദക്ഷിണ കൊറിയയുടെ നീതിന്യായ മന്ത്രാലയം ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News