പ്രൊഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് പ്രൊഫ.കെ.എസ്. ആന്റണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി.

ചങ്ങനാശ്ശേരി സ്വദേശിയായ പ്രൊഫ. ആന്റണി കേരളത്തിലെ പ്രമുഖ കോളേജായ സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ നിന്നും 1952 കാലഘട്ടത്തില്‍ ഫിസിക്‌സില്‍ ഡിഗ്രി പൂര്‍ത്തിയാക്കി ബീഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സും കരസ്ഥമാക്കി.

1957-61 കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

1961-ല്‍ ഷിക്കാഗോയിലേക്ക് കുടിയേറുകയും, 1967-ല്‍ ഡിവോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. കോളേജ് ഓഫ് ഇല്ലിനോയിസില്‍ ഫാര്‍മസിയില്‍ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് കോളേജില്‍ എന്‍ജിനീയറിംഗ് പഠനത്തിനോടനുബന്ധിച്ച് സെയില്‍ ടെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തിട്ടുണ്ട്.

1994-ല്‍ ഇന്റര്‍നാഷ്ണല്‍ സോയില്‍ ടെസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും റിസേര്‍ച്ച് ഡയറക്ടറായി വിരമിച്ചു. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ഇന്‍ ഷിക്കാഗോയില്‍ റിട്ടയര്‍മെന്റിനുശേഷം നിരവധി വര്‍ഷത്തോളം പ്രൊഫസര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി 1972-ല്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം 1978-ല്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഷിക്കാഗോയില്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ “കേരള കാത്തലിക് ഫെലോഷിപ്പ്” എന്ന സംഘടന രൂപീകൃതമായപ്പോള്‍ ആദ്യ ട്രഷറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1984-ല്‍ സീറോ മലബാര്‍ രൂപീകൃതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി നാലു വര്‍ഷക്കാലം സേവനം ചെയ്യുകയുണ്ടായി.

1988-ല്‍ ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ വച്ചു നടന്നപ്പോള്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ അസോസിയേഷന്‍ (FIA)-ഡയറക്ടംഗമായും മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (MENA)യുടെ 1995-ല്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എസ്‌ബി-അസംഷന്‍ അലംനൈ രൂപീകരിക്കുന്നതിന് തുടക്കമിട്ടതും പ്രൊഫ. കെ.എസ്. ആന്റണിയായിരുന്നു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്.

ഭാര്യ കുഞ്ഞമ്മ. മൈക്കിള്‍, സോഫി, സോജ എന്നീ മൂന്നു മക്കളുണ്ട്.

പ്രൊഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ പൗരാവലിക്കു വേണ്ടി ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, സെന്റ് ബെര്‍ക്കുമാന്‍സ് കോളേജ് മുന്‍ ചെയര്‍മാന്‍, എസ്.എം.സി.സി. മുന്‍ പ്രസിഡന്റ്, എസ്.ബി. അസംഷന്‍ അലംനൈ മുന്‍ ജോ. ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോഷി വള്ളിക്കളം അനുശോചനം അറിയിച്ചു.

പൊതുദര്‍ശനം: മാര്‍ച്ച് 27 (വ്യാഴാഴ്ച) 4.00 PM-8 PM, ഫ്രെഡറിക് ജോണ്‍സ് ഫ്യൂണറല്‍ ഹോം, നേപ്പര്‍വില്‍ IL 60540.

സംസ്ക്കാര ശുശ്രൂഷ: മാര്‍ച്ച് 28 (വെള്ളിയാഴ്ച) 9.30 AM-10.30 AM, വിസിറ്റേഷന്‍ മാസ് 10.30 AM ഹോളി സ്പിരിറ്റ് കാത്തലിക് ചര്‍ച്ച്, 2003 ഹാസെര്‍ട്ട് ബൊളിവാര്‍ഡ്, നേപ്പര്‍വില്‍, IL-60564.

സംസ്ക്കാരം: സെയിന്റ് പീറ്റര്‍ & പോള്‍ സെമിത്തേരി, നേപ്പര്‍വില്‍.

Print Friendly, PDF & Email

Leave a Comment

More News