ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ തുർക്കി സ്വദേശിയായ വിദ്യാർത്ഥിനിയെ നാടുകടത്തുന്നത് യുഎസ് ജഡ്ജി തടഞ്ഞു

ബോസ്റ്റൺ: ഗാസയിലെ ഇസ്രായേൽ യുദ്ധത്തിൽ പലസ്തീനികളെ പിന്തുണച്ച് ശബ്ദമുയർത്തുകയും ഈ ആഴ്ച യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും ചെയ്ത ടഫ്റ്റ്സ് സർവകലാശാലയിലെ ഒരു തുർക്കി ഡോക്ടറൽ വിദ്യാർത്ഥിയെ നാടുകടത്തുന്നത് മസാച്യുസെറ്റ്‌സിലെ ഒരു ഫെഡറൽ ജഡ്ജി വെള്ളിയാഴ്ച തടഞ്ഞു.

ചൊവ്വാഴ്ചയാണ് മസാച്യുസെറ്റ്‌സിലെ വീടിനടുത്ത് നിന്ന് യുഎസ് ഇമിഗ്രേഷൻ അധികൃതർ 30 കാരിയായ റുമൈസ ഓസ്‌ടർക്കിനെ കസ്റ്റഡിയിലെടുത്തത്. യുഎസ് ഉദ്യോഗസ്ഥർ അവരുടെ വിസ റദ്ദാക്കുകയും ചെയ്തു.

യുഎസ് സർക്കാർ “വിദേശ ഭീകര സംഘടന” എന്ന് തരംതിരിച്ചിരിക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി തെളിവുകൾ നൽകാതെയാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഓസ്‌ടർക്കിനെതിരെ കുറ്റം ചുമത്തിയത്.

ഇസ്രായേലുമായി ബന്ധമുള്ള കമ്പനികളിൽ നിന്ന് പിന്മാറാനും “പലസ്തീൻ വംശഹത്യയെ അംഗീകരിക്കാനും” വിദ്യാർത്ഥികൾ നടത്തിയ ആഹ്വാനങ്ങളോടുള്ള സർവകലാശാലയുടെ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് ടഫ്റ്റിന്റെ വിദ്യാർത്ഥി പത്രത്തിൽ
റുമൈസ ഒരു അഭിപ്രായ ലേഖനം എഴുതിയതിന് ഒരു വർഷത്തിന് ശേഷമാണ് അവരുടെ അറസ്റ്റ്.

റുമൈസയുടെ അഭിഭാഷകൻ അവരുടെ മോചനത്തിനായി കേസ് ഫയൽ ചെയ്തു. വെള്ളിയാഴ്ച അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും നിയമ പ്രതിരോധ സംഘത്തോടൊപ്പം ചേർന്ന് അവരുടെ തടങ്കൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും ഉചിതമായ നടപടിക്രമങ്ങൾക്കുമുള്ള അവരുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു പുതുക്കിയ കേസ് ഫയൽ ചെയ്തു.

48 മണിക്കൂർ മുൻകൂർ അറിയിപ്പ് കൂടാതെ പിഎച്ച്ഡി വിദ്യാർത്ഥിനിയെയും ഫുൾബ്രൈറ്റ് സ്കോളറെയും മസാച്യുസെറ്റ്സിൽ നിന്ന് മാറ്റരുതെന്ന് ചൊവ്വാഴ്ച രാത്രി ഉത്തരവ് പുറപ്പെടുവിച്ചിട്ടും, അവർ ഇപ്പോൾ ലൂസിയാനയിലാണ്.

ഓസ്‌ടർക്കിന്റെ പരാതിയിൽ ചൊവ്വാഴ്ചയ്ക്കകം മറുപടി നൽകാൻ ജഡ്ജി ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടു. റുമൈസയെ മോചിപ്പിച്ച് ബോസ്റ്റണിലേക്ക് തിരികെ കൊണ്ടുവന്ന് പഠനം തുടരുന്നതിനുള്ള ആദ്യപടിയാണ് ഈ തീരുമാനമെന്ന് ഓസ്‌ടർക്കിന്റെ അഭിഭാഷകയായ മഹ്‌സ ഖാൻബാബായി പറഞ്ഞു.

വിദേശ പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഹമാസിനെ പിന്തുണയ്ക്കുന്നതായും, ജൂതവിരുദ്ധരാണെന്നും, വിദേശനയത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഗാസയിലെ ഇസ്രായേൽ ആക്രമണത്തെയും പലസ്തീൻ അവകാശങ്ങൾക്കുവേണ്ടിയുള്ള വാദത്തെയും ട്രംപ് ഭരണകൂടം ജൂതവിരുദ്ധതയും ഹമാസിനുള്ള പിന്തുണയുമായി സംയോജിപ്പിക്കുന്നുവെന്ന് ചില ജൂത സംഘടനകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പറയുന്നു.

ട്രംപ് ഭരണകൂടം നിരവധി വിദ്യാർത്ഥികളുടെയും പ്രതിഷേധക്കാരുടെയും വിസകൾ റദ്ദാക്കിയിട്ടുണ്ട്. ഏകദേശം 300-ലധികം വിസകൾ റദ്ദാക്കിയിരിക്കാമെന്ന് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News