മ്യാൻമറിൽ ശനിയാഴ്ച ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞു. രണ്ടാമത്തെ വലിയ നഗരത്തിന് സമീപം ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ശനിയാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതുവരെ 1,002 പേരെ മരിച്ചതായും 2,376 പേർക്ക് പരിക്കേറ്റതായും 30 പേരെ കാണാതായതായും സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. എണ്ണം ഇനിയും ഉയർന്നേക്കാമെന്നും, വിശദമായ ഡാറ്റ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മണ്ടാലെയിൽ നിന്ന് അൽപ്പം അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഉണ്ടായത്, തുടർന്ന് നിരവധി ഭൂചലനങ്ങൾ ഉണ്ടായി, അതിൽ ഒന്ന് റിക്ടർ സ്കെയിലിൽ 6.4 ആയിരുന്നു. ഇത് പല പ്രദേശങ്ങളിലും കെട്ടിടങ്ങൾ തകരാനും, റോഡുകൾ ഒലിച്ചുപോകാനും, പാലങ്ങൾ തകരാനും, ഒരു അണക്കെട്ട് പൊട്ടാനും കാരണമായി.
തലസ്ഥാനമായ നയ്പിഡാവിൽ ശനിയാഴ്ച തകർന്ന റോഡുകൾ നന്നാക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ട്. അതേസമയം നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി, ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തകരാറിലായി. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു, അതിൽ സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന നിരവധി യൂണിറ്റുകളും ഉൾപ്പെടുന്നു. എന്നാൽ, നഗരത്തിന്റെ ആ ഭാഗം ശനിയാഴ്ച അധികൃതർ അടച്ചുപൂട്ടി.
അതേസമയം, അയൽരാജ്യമായ തായ്‌ലൻഡിൽ, ബാങ്കോക്ക് മേഖലയെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായി. ബാങ്കോക്കിലെ പ്രശസ്തമായ ചാറ്റുചക് മാർക്കറ്റിന് സമീപമുള്ള ഒരു നിർമ്മാണ സ്ഥലത്ത് നിന്നാണ് ഇതുവരെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും 26 പേർക്ക് പരിക്കേറ്റതായും 47 പേരെ ഇപ്പോഴും കാണാനില്ലെന്നും ബാങ്കോക്ക് അധികൃതർ പറയുന്നു.
ശനിയാഴ്ച, ടൺ കണക്കിന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി കൂടുതൽ ഭാരമേറിയ ഉപകരണങ്ങൾ എത്തിച്ചെങ്കിലും, കാണാതായവരുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഇടയിൽ, അവരെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ മങ്ങുകയായിരുന്നുവെന്ന് വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ മിക്ക പ്രവിശ്യകളിലും ഭൂകമ്പവും തുടർചലനങ്ങളും അനുഭവപ്പെട്ടതായി തായ്‌ലൻഡ് അധികൃതർ പറഞ്ഞു. ചിയാങ് മായ് ഉൾപ്പെടെ വടക്കൻ പ്രദേശങ്ങളിൽ പലയിടത്തും റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ആശുപത്രികൾ, ക്ഷേത്രങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു, പക്ഷേ ബാങ്കോക്കിൽ മാത്രമേ ആളപായം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
ഭൂകമ്പം ബാധിച്ച മ്യാൻമറിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഇന്ത്യ 80 അംഗ ദേശീയ ദുരന്ത നിവാരണ സേനയെ ‘ഓപ്പറേഷൻ ബ്രഹ്മ’യുടെ ഭാഗമായി അയച്ചിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ച് ഇന്ന് യാങ്കോണിൽ അംബാസഡർ അഭയ് താക്കൂർ യാങ്കോൺ മുഖ്യമന്ത്രി യു സോ തീന് ഔപചാരികമായി കൈമാറി.
“ഓപ്പറേഷൻ ബ്രഹ്മ: ഇന്ത്യ മ്യാൻമറിന് ദുരിതാശ്വാസ വസ്തുക്കൾ കൈമാറി. ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ച് ഇന്ന് യാങ്കോണിൽ അംബാസഡർ അഭയ് താക്കൂർ യാങ്കോൺ മുഖ്യമന്ത്രി യു സോ തീന് ഔപചാരികമായി കൈമാറി,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
മ്യാൻമറിലെ നയ് പൈ താവിലേക്ക് 80 അംഗ തിരച്ചിൽ, രക്ഷാ സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ പറഞ്ഞിരുന്നു. “80 അംഗ @NDRFHQ തിരച്ചിൽ, രക്ഷാസംഘം നേ പൈ താവിലേക്ക് പുറപ്പെട്ടു. അവർ മ്യാൻമറിലെ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കും,” എക്സില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എഴുതി.