തിരുവനന്തപുരം: ‘എമ്പുരാൻ’ എന്ന സിനിമയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന കലാപ രംഗങ്ങൾ ഗുജറാത്ത് കലാപത്തിനിടെ സംഘപരിവാർ നടത്തിയ കലാപങ്ങളാണെന്ന് സ്വയം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ബിജെപി അനുയായികൾ ഈ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയതെന്ന് തനിക്ക് മനസ്സിലാകുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപിയാണ് ചിത്രത്തിലെ കലാപകാരികൾ എന്ന് സംഘ്‌പരിവാറിന് തിരിച്ചറിയാൻ കഴിഞ്ഞത് വലിയ കാര്യമാണ്. ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങൾ സിനിമയിലൂടെ അടയാളപ്പെടുത്താൻ ശ്രമിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഒരു സിനിമ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അസഹിഷ്ണുത കാണിക്കുന്നത് ബിജെപി, സിപിഐ(എം) പോലുള്ള സ്വേച്ഛാധിപത്യ പാർട്ടികളുടെ നിരന്തരമായ സമീപനമാണെന്നും സുധാകരന്‍ ഫെയ്സ്ബുക്കില്‍ എഴുതി.
അതേസമയം, എമ്പുരാനെ പിന്തുണയ്ക്കുന്നവരുടെ കൂടെയാണ് താനും എന്ന് വി ഡി സതീശൻ പറഞ്ഞു. എമ്പുരാൻ്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമാണ് താൻ നിൽക്കുന്നതെന്ന് വി ഡി സതീശൻ നിലപാട് അറിയിച്ചു. ഹെയ്സ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്.
സംഘപരിവാറിന് ചരിത്രത്തെക്കുറിച്ച് വലിയ അറിവില്ല. മാത്രമല്ല, ചരിത്രത്തെ വളച്ചൊടിക്കുന്ന ഒരു ശീലവുമുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന സൃഷ്ടികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘപരിവാർ കരുതുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. അത്തരം വികലമായ സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം വിമർശിച്ചു.