വിശുദ്ധിയുടെ ആഘോഷമാണ് ചെറിയപെരുന്നാൾ. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ തെളിച്ചമുള്ള ഹൃദയവുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാർമിക മൂല്യങ്ങളും വരും കാലത്തുടനീളം പുലർത്തണമെന്ന പ്രതിജ്ഞയെടുക്കേണ്ടത് ഈ അവസരത്തിൽ പ്രധാനമാണ്. ഫിത്വർ സകാത്ത് ഉൾപ്പെടെയുള്ള നിർബന്ധ കർമങ്ങൾക്കൊപ്പം കുടുംബ സന്ദർശനം, ദാന ധർമം, അയൽപക്ക ബന്ധം എന്നിവ ശക്തിപ്പെടുത്താനും ചുറ്റുമുള്ള പാവപ്പെട്ടവർക്കും രോഗികൾക്കും വിധവകകൾക്കും കാരുണ്യമെത്തിക്കാനും പെരുന്നാൾ ദിവസം ഉത്സാഹിക്കണം.
ലഹരിയുപയോഗം, അക്രമ സംഭവങ്ങൾ നാട്ടിൽ വ്യാപകമായിത്തുടങ്ങിയ കാലത്ത് ശരീരത്തെയും മനസ്സിനെയും നശിപ്പിക്കുന്ന എല്ലാവിധ ലഹരികളിൽ നിന്ന് മാറി നിൽക്കാനും പരസ്പര സ്നേഹവും നന്മയും കൈമാറ്റം ചെയ്യുന്ന പ്രവൃത്തികൾ ജീവിതലഹരിയായി സ്വീകരിക്കാനും എല്ലാവരും തയ്യാറാവണം. പെരുന്നാളിലെ സത്കർമങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും കൗമാരക്കാർ അടക്കമുള്ള പുതുതലമുറയെ പങ്കുചേർക്കുകയും തലമുറ വ്യത്യാസമില്ലാതെ നന്മകളിൽ മത്സരിക്കുകയും തിന്മയെ എതിർക്കുകയും വേണം. ഏവരും സന്തോഷിക്കുന്ന പെരുന്നാൾ ദിനത്തിൽ നമുക്കുചുറ്റും പ്രയാസപ്പെടുന്ന ആരുമില്ലെന്ന് ഉറപ്പുവരുത്തുകയും ഉണ്ടെങ്കിൽ ആവശ്യമായത് നൽകുകയും വേണം. ഗാസ ഉൾപ്പെടെ ഈ സമയത്തും ലോകത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയുടെ ക്ഷേമത്തിനായി ഏവരും പ്രാർഥിക്കുകയും വേണം. ഏവർക്കും സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ ആശംസകൾ.