വിശക്കുന്നവന് സാന്ത്വനമായി ഡാളസ് മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ്

ഡാളസ്‌: മാർത്തോമ യൂത്ത് ചാപ്ലിൻസി മിനിസ്ട്രിയുടെ ഭാഗമായി മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങൾ പട്ടണത്തിന് വിവിധ ഭാഗങ്ങളിലായി ഭവനരഹിതരായി കഴിയുന്നവർക്ക് ഭക്ഷണവുമായി കടന്നുചെന്ന് ക്രിസ്തു സ്നേഹ സന്ദേശം പകരുന്നു. ഡാളസ് ക്രോസ്‌വേ മാർത്തോമ ഇടവക വികാരിയും, ഡാളസ്‌ യൂത്ത് ചാപ്ലയിനുമായ റവ. എബ്രഹാം കുരുവിളയുടെ (മനു അച്ചൻ) നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.

“ഐസായ കോഡ്” എന്ന പേരിലാണ് അച്ചൻറെ നേതൃത്വത്തിൽ ഡാളസിൽ ശ്രുശൂഷ നടത്തപ്പെടുന്നത്. “വിശപ്പുള്ളവന് നിൻറെ അപ്പം നുറുക്കി കൊടുക്കുന്നതും, അലഞ്ഞു നടക്കുന്ന സാധുക്കളെ നിൻറെ വീട്ടിൽ ചേർത്തു കൊള്ളുന്നതും, നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും, നിൻറെ മാംസ രക്തങ്ങൾ ആയിരിക്കുന്നവർക്ക് നിന്നെ തന്നെ മറക്കാതിരിക്കാനും അല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം” യെശയ്യാവ് പ്രവാചകൻറെ പുസ്തകം അമ്പത്തിയെട്ടാം അധ്യായം ഏഴാം വാക്യമാണ് തങ്ങൾക്ക് ഈ ശുശ്രൂഷയ്ക്ക് പ്രചോദനം നൽകിയതെന്ന് യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ നോമ്പ് കാലം യുവജനങ്ങളുടെ ആത്മീയ ജീവിതത്തിൽ ഒരു ചലനവും ഒരു പുതിയ കാഴ്ചപ്പാടും ഉണ്ടാകണമെന്ന് ആഗ്രഹത്തോടെയാണ് ഈ ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചതെന്ന് മനു അച്ചൻ പറഞ്ഞു. വലിയ നോമ്പ് ആരംഭിച്ച് 29 ദിവസം പിന്നിടുമ്പോൾ നൂറിൽപരം ആളുകളുടെ വിശപ്പടക്കുവാൻ യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങൾക്ക് സാധിച്ചു എന്നതിൽ വളരെ സന്തോഷമുണ്ടെന്ന് അച്ചൻ കൂട്ടിച്ചേർത്തു.

30-ാം തീയതി ഞായറാഴ്ച സെൻറ് പോൾസ് മാർത്തോമാ ഇടവകയിലെ ആരാധന മധ്യേയുള്ള പ്രസംഗത്തിൽ “ഐസായ കോഡിന്” കുറിച്ചുള്ള വിവരണവും, ഈ അനുഗ്രഹിക്കപ്പെട്ട ശ്രുശൂഷയിൽ ഓരോരുത്തരും പങ്കുകാരാകണം എന്നുള്ള അച്ചൻറെ ആഹ്വാനവും ഏറ്റെടുത്തുകൊണ്ട് ആരാധനയ്ക്ക് ശേഷം ഇടവകയിലെ യുവതീയുവാക്കളും, സൺഡേ സ്കൂൾ കുട്ടികളും ഭക്ഷണ വിതരണത്തിന് വേണ്ടിയുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

യുവജനങ്ങളുടെയും, സൺഡേ സ്കൂൾ കുഞ്ഞുങ്ങളുടെയും ഉത്സാഹവും, താല്പര്യവും, കഷ്ടത അനുഭവിക്കുന്നവരോടുള്ള അനുകമ്പയും, സഭയോടുള്ള സ്നേഹവും ഏറെ അഭിമാനാർഹമാണെന്ന് സെൻറ് പോൾസ് മാർത്തോമാ ഇടവക വികാരി റവ: ഷൈജു സി ജോയ് അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട അച്ചൻറെ പ്രാർത്ഥനയ്ക്കുശേഷം തയ്യാറാക്കിയ ഭക്ഷണപ്പൊതികളുമായി മനു അച്ചനും സംഘവും ഡാളസ് പട്ടണത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News