ന്യൂഡൽഹി: ഡൽഹിയിലെ സ്വരൂപ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നവരാത്രിയുടെ ആദ്യ ദിവസം പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകം പ്രദേശത്ത് കോളിളക്കം സൃഷ്ടിച്ചു. സ്വരൂപ് നഗർ പ്രദേശത്തെ ഗദ്ദ കോളനിയിലെ ഒരു വീടിനുള്ളിലാണ് രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സ്വരൂപ് നഗർ പോലീസ് സ്റ്റേഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന്, എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണത്തിൽ, പെൺകുട്ടിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് മൃതദേഹത്തിൽ നിന്ന് വ്യക്തമായതായി കണ്ടെത്തി. പെൺകുട്ടിയുടെ മൃതദേഹത്തിന് സമീപം രക്തം പുരണ്ട ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. അത് പോലീസ് പിടിച്ചെടുത്തു. വിവരം അനുസരിച്ച്, ഏകദേശം 1 വർഷമായി കുടുംബം ഈ വീട്ടിൽ താമസിക്കുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രണയ വിവാഹിതരായിരുന്നു. എന്നാൽ, കുറച്ചു കാലമായി അവർക്കിടയിൽ തർക്കം നിലനിന്നിരുന്നു, ഇതിനെച്ചൊല്ലി അവർ എല്ലാ ദിവസവും വഴക്കിടാറുണ്ടായിരുന്നു.
പെൺകുട്ടിയുടെ പിതാവിനെ സംശയിച്ച പോലീസ് അയാളെ കസ്റ്റഡിയിലെടുത്തു. വീടിനു ചുറ്റുമുള്ള സിസിടിവി ക്യാമറകൾ സ്കാൻ ചെയ്തപ്പോഴാണ് ദൃശ്യങ്ങളിലെ ചിത്രവും പിതാവിന്റെ മൊഴിയും തമ്മിൽ വ്യത്യാസം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ താൻ ഡ്യൂട്ടിയിലായിരുന്നുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു, എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ തന്റെ സുഹൃത്തുകളിലൊരാളായ രഞ്ജിത്തിനൊപ്പം അയാള്‍ അവിടെ നിന്ന് പോകുന്നത് കാണാം.
നിലവിൽ, സ്വരൂപ് നഗർ പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അതേസമയം, കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ പിതാവിനെയും തുടർച്ചയായി ചോദ്യം ചെയ്തുവരികയാണ്.