സേവനത്തിന്റെ പാതയിൽ മാതൃകയായി സി.ഐ.സി ഇഫ്താർ വിരുന്ന്

ദോഹ: ജനസേവനത്തിന്റെ വേറിട്ട പാതയില്‍ cic വളണ്ടിയർ ടീം ശ്രദ്ധ നേടുന്നു. ഖത്തറിലെ വിദൂര ദിക്കുകളിലുള്ള ലേബര്‍ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് നിത്യവും ഇഫ്താര്‍ വിരുന്നൊരുക്കിയാണ് മനുഷ്യ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മാതൃക സൃഷ്ടിച്ച് ഈ സംഘം വ്യതിരിക്തമാകുന്നത്. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ജനസേവന വിഭാഗത്തിൻ്റെ പിന്തുണയോടെ നൂറ്റി അമ്പതോളം വളണ്ടിയര്‍മാരെ സംഘടിപ്പിച്ച് നിത്യവും 3000 തോളം പേര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ എത്തിക്കുന്നതിനു പുറമേ 800 ഓളം പേർക്ക് സുഹൂർ ഭക്ഷണവും 300 ൽ പരം തൊഴിലാളികൾക്ക് ഫുഡ് മെറ്റീരിയലും ഈ റമദാനിൽ എത്തിച്ചാണ് ഈ ടീം റമദാന്‍ ദിനങ്ങളെ സാര്‍ഥകമാക്കിയത്. ദോഹയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള കരാന, ജറിയാൻ, അബൂനഖല പോലെയുള്ള പ്രദേശങ്ങളിലും ദോഹയുടെയും വക്രയുടെയും വിവിധ പ്രദേശങ്ങളിൽ പൊതു ലോകവുമായി ബന്ധമില്ലാത്ത അനേകം മനുഷ്യര്‍ ജീവിക്കുന്നുണ്ട്. അവരിലേക്കൊക്കെ എത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതൊക്കെ വളരെ ശ്രമകരമായ ദൗത്യമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തികച്ചും യാദൃശ്ചികമായാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നോമ്പുതുറക്കുന്നതിന് സൗകര്യം ഇല്ലാത്ത ഏതാനും തൊഴിലാളികളുടെ അവസ്ഥ CIC വളണ്ടിയർ ക്യാപ്റ്റൻ സിദ്ധീഖ് വേങ്ങരയുടെ ശ്രദ്ധയില്‍പെട്ടത്. ജോലി ഇല്ലാതെ പ്രയാസപ്പെടുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്‍കിയാണ് തുടക്കം. അമ്പതോളം പേര്‍ക്കാണ് തുടക്കത്തിൽ ഭക്ഷണ കിറ്റ് നല്‍കിയത്. ഈ വിവരം വളരെ പെട്ടെന്നാണ് തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന ക്യാമ്പുകളില്‍ പടര്‍ന്നത്. പിന്നീട് ലേബര്‍ ക്യാമ്പുകളില്‍ നിന്നും ഭക്ഷണത്തിന് സൗകര്യമില്ലാത്തവരില്‍ നിന്നുമൊക്കെയായി നിരന്തരം ഫോണ്‍ വിളികളും സന്ദേശങ്ങളും വരാന്‍ തുടങ്ങി. അങ്ങനെയാണ് സി.ഐ.സി ഇഫ്താര്‍ വിതരണ രംഗത്ത് സജീവമായത്. ഇപ്പോള്‍ ആർക്കും എവിടെ ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ വിതരണം ചെയ്യണമെങ്കിലും ആദ്യം ബന്ധപ്പെടുന്ന പേരുകളിലൊന്ന് സിദ്ധീഖ് വേങ്ങരയുടേതാകും.

ഈ വര്‍ഷം റമദാന്‍ ഒന്നു മുതല്‍ തന്നെ ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ സജീവമായി സിദ്ധീഖ് വേങ്ങരയുടെ നേതൃത്വത്തിൽ സി ഐ സി, ഡബ്ലു ഐ, യൂത്ത് ഫോറം വളണ്ടിയർമാർ രംഗത്തുണ്ട്. റമദാന് മാസങ്ങൾക്ക് മുന്നോടിയായി ഓരോ പ്രദേശത്തേയും സ്ഥിതിഗതികള്‍ വിശദമായി പഠിച്ച്, അൽഖോർ മുതൽ അബൂസംറ വരെയുള്ള വിവിധ പ്രദേശങ്ങളിൽ വളരെ വ്യവസ്ഥാപിതമായ രീതിയിലാണ് ഈ സംഘം അര്‍ഹരായവര്‍ക്ക് ഇഫ്താര്‍ സൗകര്യമെത്തിക്കുന്നത്. TWA, IT Team, ITPN, FC Bidda, Q A I D,അന്‍സാര്‍ അലുമിനി, എംഇഎസ് അലുമിനി, വുമണ്‍ ഇന്ത്യ, എംഇഎസ് വുമണ, വഹബ്, പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍, ഖത്തർ മല്ലു വളണ്ടിയേഴ്‌സ്, ഖത്തര്‍ മലയാളി വളണ്ടിയേഴ്‌സ്, ഇന്ത്യന്‍ ഖത്തര്‍ പ്രവാസി അസോസിയേഷന്‍, യൂത്ത് ഫോറം, ഖത്തര്‍ വളപട്ടണം കൂട്ടായ്മ, ചക്കരക്കൂട്ടം തുടങ്ങിയ കൂട്ടായ്മകള്‍ക്ക് പുറമേ, വ്യാപാര സ്ഥാപനങ്ങള്‍, ചെറുതും വലുതുമായ നിരവധി പ്രാദേശിക കൂട്ടായ്മകള്‍, സ്വദേശി – വിദേശി അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ വര്‍ഷം ഇഫ്താര്‍ വിതരണം ചെയ്തതെന്നും ഇതിന് പുറമെ ഈദ് ആഘോഷ വേളയിലും ഈ സംഘത്തിൻ്റെ സേവനം അർഹരിലെത്താറുണ്ടെന്നും സിദ്ധീഖ് വേങ്ങര പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News