ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ എം നായർ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, രാജേഷ് ബിൻഡാൽ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കഴിഞ്ഞ തവണ സുപ്രീം കോടതി ഹർജി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നില്ല. ഇതേ ആവശ്യവുമായി കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. വിസ്മയയുടെ ആത്മഹത്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന്
കിരണ്‍ കുമാര്‍ അവകാശപ്പെട്ടു. കിരണ്‍ കുമാറിനു വേണ്ടി അഭിഭാഷകൻ ദീപക് പ്രകാശാണ് കോടതിയില്‍ ഹാജരായത്.
2021 ജൂൺ 21 നാണ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിന്റെ വീട്ടിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ നേരിട്ട പീഡനത്തെക്കുറിച്ച് വിസ്മയ തന്റെ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും അപ്പോഴാണ് പുറത്തുവന്നത്.
വിസ്മയയെ ആശുപത്രിയിലെത്തിച്ച ശേഷം ഒളിവിൽ പോയ കിരൺ കുമാർ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങി. കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
വിചാരണ അവസാന ഘട്ടത്തിലായതിനാൽ സുപ്രീം കോടതി കിരണിന് ജാമ്യം അനുവദിച്ചിരുന്നു. വീട്ടിലെ സംഭവങ്ങൾക്ക് പുറമേ, 2020 ഓഗസ്റ്റ് 29 ന് ചിറ്റുമലയിലും 2021 ജനുവരി 3 ന് വിസ്മയയുടെ നിലമേലിലെ വീട്ടിലും പരസ്യമായി കാർ മാറ്റണമെന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ കുഴപ്പങ്ങൾ സൃഷ്ടിച്ചതായി സാക്ഷി മൊഴികളുണ്ട്. സ്ത്രീധന തർക്കത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണങ്ങളും കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.