വഖ്‌ഫ് നിയമഭേദഗതി മുസ്‌ലിം വംശഹത്യപദ്ധതി; സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ തെരുവിലിറങ്ങുക: വെൽഫെയർ പാർട്ടി

മലപ്പുറം: കേന്ദ്രസർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും അതിനെതിരെ ജനാധിപത്യ വിശ്വാസികൾ തെരുവിലിറങ്ങണമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പ്രതിഷേ ധ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ചയാണ് ഈ ബില്ലെന്നും 20 കോടി ഇന്ത്യൻ മുസ്ലിംകളെ ഗുജറാത്ത് മോഡൽ വംശഹത്യ നടത്തുക എന്നത് അസാധ്യമാണെന്നും അതിനാലാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ മുസ്ലിം വംശഹത്യ പദ്ധതികൾ പുതിയ രീതിയിൽ ആവിഷ്കരിക്കുന്നതെന്നും പാർട്ടി ആരോപിച്ചു. മുസ്ലിംകളെ സാമൂഹ്യമായും സാമ്പത്തികമായും തകർത്ത് അപരവൽക്കരിക്കുക ( Exclusion) എന്ന വംശീയ പദ്ധതിയാണിത്.

വഖ്ഫ് വിഷയത്തിൽ മുനമ്പം പ്രശ്നത്തെ മുൻനിർത്തി എംപിമാരെയും പ്രതിപക്ഷ പാർട്ടികളെയും ഭീഷണിപ്പെടുത്തുന്നവർ ഇന്ത്യൻ ഫാഷിസത്തിന്റെ പുറത്താക്കൽ പദ്ധതിയെക്കുറിച്ച് ജാഗ്രതയില്ലാത്തവരും ഭരണഘടന മൂല്യങ്ങൾ സൗകര്യപൂർവം മറക്കുന്നവരുമാണ്. ഇന്ന് മുസ്‌ലിംകളാണ് ലക്ഷ്യമെങ്കിൽ നാളെ ക്രൈസ്തവ ദേവാലയങ്ങളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഫാഷിസ്റ്റുകൾ നോട്ടമിടുന്നത്.

“We or our nationhood define” ൽ തങ്ങളുടെ രാഷ്ട്രത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ആർ.എസ്.എസ് വ്യക്തമാക്കിയത് മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും പുറത്താക്കപ്പെടുന്ന ഇന്ത്യ എന്നതാണ്.

സമീപകാലത്ത് ചിലയിടത്ത് മാത്രം ആർ.എസ്.എസ് പുലർത്തുന്ന ക്രൈസ്തവ പ്രേമം, ജനാധിപത്യ സംവിധാനത്തിൽ മുസ്ലിംകളെക്കുറിച്ച് ഭയപ്പാടുണ്ടാക്കി മറ്റുള്ളവരെ ചേർത്തുപിടിച്ച് വിഭജിക്കുന്ന ധൃതരാഷ്ട്രാലിംഗനമാണ്. ഇത് ആസ്വദിക്കുന്ന അടിമത്ത മനോഭാവങ്ങൾക്ക് മാത്രമേ വഖ്ഫ് നിയമ ഭേദഗതിയിൽ വംശീയ ഫാഷിസത്തോടൊപ്പം ചേർന്നുനിൽക്കാനാവൂ.

മുസ്‌ലിംകളുടെ സ്വയം നിർണയാവകാശം റദ്ദ് ചെയ്യുന്നതും ഭരണഘടന വിരുദ്ധവുമായ നിയമഭേദഗതിക്കെതിരെ ജനാധിപത്യ വിശ്വാസികളും മതേതര സമൂഹവും ഒറ്റക്കെട്ടായി പ്രതികരിക്കണം.

ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ പ്രതിഷേധ കുറിപ്പ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് സ്വാഗതം പറഞ്ഞു. സെക്രട്ടറിമാരായ ബിന്ദു പരമേശൻ, അഷ്റഫ് വൈലത്തൂർ, ഷാക്കിർ മോങ്ങം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ നന്ദി പറഞ്ഞു.

 

 

Print Friendly, PDF & Email

Leave a Comment

More News