പ്രതിപക്ഷ ശബ്ദങ്ങളെയോ മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങളെയോ മുഖവിലക്കെടുക്കാതെ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം ഉന്മൂലന അജണ്ടയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. നേരത്തെ തന്നെ എതിർപ്പുകളെ വക വെക്കാതെ രാജ്യസഭയിൽ ഈ ബിൽ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വഖ്ഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ഉയർന്ന് വന്ന വിമർശനങ്ങളിൽ അന്തിമ അഭിപ്രായം അറിയിക്കാൻ രൂപപ്പെടുത്തിയ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) പ്രതിപക്ഷ അംഗങ്ങളായവരുടെ അഭിപ്രായം പരിഗണിക്കാതെ കേന്ദ്ര സർക്കാറിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് എൻഡിഎ ഘടകകക്ഷികളുടെ കൂടെ പിന്തുണയിൽ വഖ്ഫ് ഭേദഗതി ബിൽ പ്രബല്യത്തിൽ കൊണ്ടു വരുന്നത്. വഖ്ഫിനെ മുൻനിർത്തിക്കൊണ്ട് മുസ്ലിം സമുദായത്തിനെതിരെ രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടാണ് സംഘ്പരിവാർ വഖഫ് ബിൽ പാസാക്കിയെടുക്കാനുള്ള സാമൂഹിക സാഹചര്യം ഒരുക്കുന്നത്. വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് പുതിയ ഭേദഗതി.മതപരമോ ജീവകാരുണ്യമോ സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി മുസ്‌ലിംകൾ നൽകുന്ന വ്യക്തിഗത സ്വത്താണ് വഖഫ്. വഖ്ഫ് ചെയ്യപ്പെട്ട വസ്തുവിൻ്റെ ഗുണഭോക്താക്കൾ വ്യത്യസ്തരാകുമ്പോഴും അതിന്റെ ഉടമസ്ഥാവകാശം ദൈവത്തിന്റെതായി കണക്കാക്കാപ്പെടുന്നു. വഖ്ഫായി മാറ്റപ്പെടുന്ന മുതലുകൾ എന്നെന്നും നിലനിൽക്കേണ്ട അല്ലെങ്കിൽ നിലനിൽക്കുന്ന ദാനമായാണ് വിശ്വാസി സമൂഹം മനസ്സിലാക്കുന്നത്.
ബി.ജെ.പി മുന്നോട്ട് വെക്കുന്ന നിർദ്ദിഷ്ഠ ഭേദഗതി വഖ്ഫ് സ്വത്തിന്മേലുള്ള അധികാരത്തെ മുസ്ലിം സമുദായ പ്രാതിനിധ്യത്തിലുള്ള വഖ്ഫ് ബോർഡിൽ നിന്നും ട്രൈബ്യൂണലിൻ നിന്നും മാറ്റി ഭരണകൂടത്തിന് കൈമാറുന്നതാണ്. ഇന്ത്യയിലുടനീളമുള്ള മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പ് തന്നെ വഖ്ഫ് സ്വത്തുക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ്. വഖ്ഫ് സ്വത്തുക്കളെ ഭരണകൂട വരിധിയിലാക്കി കൊണ്ട് മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പിനെ തന്നെ ഉന്മൂലനം ചെയ്യുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടിയാണ് സംഘ്പരിവാർ ഈ ഭേദഗതി കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്ത് പ്രതിരോധ മന്ത്രാലവും റെയിൽവെയും കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് വഖ്ഫ് ഭൂമിയാണ്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള വഖ്ഫ് നിയന്ത്രണ പോർട്ടലിൽ 8.72 ലക്ഷം വഖ്ഫ് സ്വത്തുക്കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൈയേറ്റം ചെയ്യപ്പെട്ട വസ്തുവും വഖ്ഫ് ഭൂമികളുകളാണ്. ഇങ്ങനെ നിലനിന്നിരുന്ന വഖ്ഫ് ഭൂമികൾ അന്യാധീനപ്പെട്ടും കൈ കയേറ്റം ചെയ്യപ്പെട്ടും പോകുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ് 2013 ലെ വഖ്ഫ് ഭേദഗതി ബില്ലിൽ സംസ്ഥാനങ്ങൾക്ക് കീഴിൽ വഖ്ഫ് ബോർഡ് ഉണ്ടാകണമെന്ന ശുപാർശ മുന്നോട്ട് വെക്കുന്നത്.
ഭരണകൂട അടിച്ചമർത്തലുകൾക്ക് നിരന്തരം വിധേയമാക്കപ്പെടുമ്പോഴും മുസ്ലിം സമുദായത്തെ അതിജീവിച്ച് നിർത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണ് വഖ്ഫ് സ്വത്തുക്കൾ. വ്യത്യസ്ത കാലങ്ങളിലൂടെയുള്ള വഖ്ഫിന്റെ അതിജീവനം സാധ്യമായത് അതിന്റെ തികച്ചും പ്രാദേശിക-വികേന്ദ്രീകൃതമായതും ഭരണകൂട സ്വാധീനങ്ങളിൽ നിന്ന് അകന്നതുമായ നിലനിൽപ്പിലൂടെയാണെന്ന് കാണാൻ സാധിക്കും. മുസ്ലിം സമുദായത്തിന്റെ സ്വതന്ത്രമായ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ വംശീയ പദ്ധതിയായി വഖ്ഫ് ഭേദഗതി ബില്ലിനെ തിരിച്ചറിഞ്ഞ് കൊണ്ട് പ്രതിരോധിക്കാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങൾക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.