അങ്ങാടിപ്പുറം :വഖ്‌ഫ് നിയമഭേദഗതി മുസ്‌ലിം വംശഹത്യപദ്ധതി തന്നെ!. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ 2025 ഏപ്രിൽ 2, വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയും – ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റിയും സംയുക്തമായി അങ്ങാടിപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന്റെ ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണ്. പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ച.
20 കോടി ഇന്ത്യൻ മുസ്ലിംകളെ ഗുജറാത്ത് മോഡൽ വംശഹത്യ നടത്തുക എന്നത് അസാധ്യമാണ്. അതിനാലാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ മുസ്ലിം വംശഹത്യ പദ്ധതികൾ പുതിയ രീതിയിൽ ആവിഷ്കരിക്കുന്നത്. മുസ്ലിംകളെ സാമൂഹ്യമായും സാമ്പത്തികമായും തകർത്ത് അപരവൽക്കരിക്കുക ( Exclusion) എന്ന വംശീയ പദ്ധതിയാണിത്.
വഖ്ഫ് വിഷയത്തിൽ മുനമ്പം പ്രശ്നത്തെ മുൻനിർത്തി എംപിമാരെയും പ്രതിപക്ഷ പാർട്ടികളെയും ഭീഷണിപ്പെടുത്തുന്നവർ ഇന്ത്യൻ ഫാഷിസത്തിന്റെ പുറത്താക്കൽ പദ്ധതിയെക്കുറിച്ച് ജാഗ്രതയില്ലാത്തവരും ഭരണഘടന മൂല്യങ്ങൾ സൗകര്യപൂർവം മറക്കുന്നവരുമാണ്. ഇന്ന് മുസ്‌ലിംകളാണ് ലക്ഷ്യമെങ്കിൽ നാളെ ക്രൈസ്തവ ദേവാലയങ്ങളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഫാഷിസ്റ്റുകൾ നോട്ടമിടുന്നത്. എന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മങ്കടമണ്ഡലം പ്രസിഡന്റ് സഫുവാൻ വലമ്പൂർ, പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് തിരൂർക്കാട്, അഷ്‌ഫാക്ക് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
മനാഫ് തോട്ടോളി, നസീമ മദാരി, സക്കീർ അരിപ്ര, സാഹിദ ഖാലിദ്, നൗഷാദ് അരിപ്ര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.