കൊല്ലം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു. നിലവിൽ സ്വിഫ്റ്റ് ബസുകളിലും ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ലഭ്യമാണ്. ഓർഡിനറി ബസുകളിൽ ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ ഈ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ ഡിജിറ്റൽ പേയ്‌മെന്റിലേക്കുള്ള നീക്കം നടക്കും. ഇതിന്റെ ഭാഗമായി എല്ലാ ബസുകളിലും യുപിഐ പേയ്‌മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കും. ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പണമടച്ച് മെഷീനിലൂടെ ടിക്കറ്റ് വാങ്ങാൻ കഴിയുന്ന തരത്തിലാണ് സംവിധാനമെന്നും മന്ത്രി പറഞ്ഞു.
GPay, Paytm, PhonePe തുടങ്ങിയ ആപ്പുകൾ വഴി ടിക്കറ്റുകൾ വാങ്ങാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ലൈവ് ടിക്കറ്റിംഗ് സൗകര്യമുള്ള പുതിയ ടിക്കറ്റ് മെഷീനുകൾ വിതരണം ചെയ്തു കഴിഞ്ഞു, രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും പുതിയ ടിക്കറ്റ് മെഷീനുകൾ എത്തിക്കും. ചലോ എന്ന ടിക്കറ്റ് കമ്പനിയിൽ നിന്ന് കെഎസ്ആർടിസി ടിക്കറ്റ് മെഷീനുകളും അനുബന്ധ ഓൺലൈൻ സൗകര്യങ്ങളും വാടകയ്ക്ക് എടുത്തിട്ടുണ്ട്.