ന്യൂയോര്‍ക്ക്: ബരാക് ഒബാമയും മിഷേലും തമ്മിലുള്ള വിവാഹമോചന വാർത്തകൾ മാസങ്ങളായി പ്രചരിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സംസ്കാര ചടങ്ങിൽ ബരാക് ഒബാമ ഒറ്റയ്ക്ക് പങ്കെടുക്കുകയും ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യയില്ലാതെ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ ഇത് കൂടുതൽ ശക്തമായി.
രണ്ട് തവണ യുഎസ് പ്രസിഡന്റായിരുന്നത് തന്റെ ദാമ്പത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ബരാക് ഒബാമ സമ്മതിച്ചു. ഭാര്യ മിഷേൽ ഒബാമയുമായുള്ള ബന്ധത്തിലെ വിള്ളൽ മറികടക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോഴൊക്കെ രസകരമായ കാര്യങ്ങൾ ചെയ്തുകൊണ്ടാണ് താൻ മിഷേലുമായി വീണ്ടും ബന്ധപ്പെടുന്നതെന്ന് ഒരു പരിപാടിക്കിടെ ഒബാമ പറഞ്ഞു.
വൈറ്റ് ഹൗസിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് 63 കാരനായ ഒബാമയോട് ചോദിച്ചപ്പോഴാണ് ഒബാമ തന്റെ ദാമ്പത്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചത്. തന്റെ ഓർമ്മക്കുറിപ്പുകളുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഒബാമയുടെ ഓർമ്മക്കുറിപ്പായ ‘എ പ്രോമിസ്ഡ് ലാൻഡ്’ ന്റെ ആദ്യ ഭാഗം 2020 നവംബറിലാണ് പ്രസിദ്ധീകരിച്ചത്.
അതിന്റെ രണ്ടാം ഭാഗം പൂർത്തിയാക്കുകയാണെന്ന് ഒബാമ പറഞ്ഞു.
മിഷേലുമായുള്ള തന്റെ ദാമ്പത്യത്തിലെ പിരിമുറുക്കത്തെക്കുറിച്ച് അദ്ദേഹം പിന്നീട് സംസാരിച്ചു. എന്റെ ഭാര്യയുമായി ഞാൻ കടുത്ത ടെൻഷനിലായിരുന്നുവെന്ന് ഒബാമ പറഞ്ഞു, അതുകൊണ്ട് ചിലപ്പോഴൊക്കെ രസകരമായ കാര്യങ്ങൾ ചെയ്തുകൊണ്ട് ആ ടെൻഷനിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1980 കളിൽ മിഷേലിനെ ഒരു നിയമ സ്ഥാപനത്തിൽ വെച്ചാണ് ഒബാമ കണ്ടുമുട്ടിയത്. ഇരുവരും അവിടെയാണ് ജോലി ചെയ്തിരുന്നത്. ഒടുവിൽ 1992 ൽ അവർ വിവാഹിതരായി. തന്റെ ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് മിഷേൽ മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്.
2022-ൽ ഒരു അഭിമുഖത്തിൽ, എന്റെ ഭർത്താവിനെ എനിക്ക് സഹിക്കാൻ കഴിയാത്ത 10 വർഷങ്ങളുണ്ടായിരുന്നുവെന്ന് മിഷേൽ വെളിപ്പെടുത്തിയിരുന്നു. നടി ജെന്നിഫർ ആനിസ്റ്റണുമായി ഒബാമയ്ക്ക് ബന്ധമുണ്ടെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ആ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.