എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ അവസാന ഘട്ടത്തിലായതിനാൽ കേസിൽ സിബിഐ ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി.
ഇതേ ആവശ്യവുമായി ദിലീപ് നേരത്തെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളി. കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ചോദിക്കാൻ അവകാശമില്ലെന്ന് വ്യക്തമാക്കി സിംഗിൾ ഡിവിഷൻ ബെഞ്ച് നേരത്തെ ദിലീപിന്റെ ഹർജി തള്ളിയിരുന്നു. തുടർന്ന്, 2019 ൽ ദിലീപ് വീണ്ടും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
നടിയെ ആക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്റെ വാദം അവസാനിച്ചുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ആറ് വർഷമായി പ്രതി സിബിഐ അന്വേഷണം വേണമെന്ന ആവശ്യം താൽപ്പര്യത്തോടെ ഉന്നയിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. സിബിഐ അന്വേഷണ ആവശ്യത്തിനെതിരായ അപ്പീൽ മനഃപൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. വിചാരണ വൈകിപ്പിക്കുന്നതിനാണ് ഹർജിയെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിലാണ് ഹർജി തള്ളിയത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്ന് (ഏപ്രിൽ 7) അന്തിമ വാദം കേട്ടു.
നടിയെ ആക്രമിച്ച കേസിലെ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അന്തിമ ഘട്ടത്തിലാണ്. അന്തിമ വാദം പൂർത്തിയാക്കി ജൂണിൽ വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം കേസിൽ രണ്ട് ഫോറൻസിക് വിദഗ്‌ധരെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രതി പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പൾസർ സുനിയുടേത് ബാലിശമായ വാദമാണെന്ന നിരീക്ഷണത്തിലാണ് ഒന്നാം പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്‌തരിക്കുന്നത് അനിവാര്യമായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല സാക്ഷികളെ വീണ്ടും വിസ്‌താരം നടത്തുന്നത് കേസിന്‍റെ വിചാരണ വൈകാൻ ഇടയാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ സാക്ഷികളെ അകാരണമായി വീണ്ടും വിസ്‌തരിക്കുന്നതിന് ചട്ടമില്ലെന്നും കോടതി വ്യക്തമാക്കി.
2017-ലാണ്എ കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് നടി അതിക്രൂര പീഡനത്തിന് ഇരയായത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഒരാളെ മാപ്പു സാക്ഷിയാക്കുകയും രണ്ട് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‌തിരുന്നു.
അടുത്തിടെയാണ് മുഖ്യപ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചത് . നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടന്‍ ദിലീപാണെന്ന് പൾസർ സുനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തതെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നുമാണ് സുനിയുടെ വെളിപ്പെടുത്തൽ.