26/11 മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള വഴി തെളിഞ്ഞു. റാണയുടെ അവസാന ഹർജി യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞതിനാൽ ഇപ്പോൾ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താൻ കഴിയും. ഇന്ത്യയിൽ പീഡനം നടക്കുമെന്ന് റാണ തന്റെ ഹർജിയിൽ ആരോപിച്ചിരുന്നു, എന്നാൽ കോടതി അത് നിരസിച്ചു,
വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന ഹർജി തിങ്കളാഴ്ച (ഏപ്രിൽ 7, 2025) യുഎസ് സുപ്രീം കോടതി തള്ളി. ഇതോടെ തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള വഴി തെളിഞ്ഞു.
പാക്കിസ്താന്‍ വംശജനായ 64 കാരനായ കനേഡിയൻ പൗരനായ തഹാവൂർ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ്. ഫെബ്രുവരി 27 ന്, തന്നെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം യുഎസ് സുപ്രീം കോടതിയിൽ അടിയന്തര അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, കോടതി അത് നിരസിച്ചു. ഇതിനുശേഷം, റാണ വീണ്ടും ഈ അപേക്ഷ പുതുക്കി സുപ്രീം കോടതിയിൽ നിന്ന് പുതിയ വാദം കേൾക്കാൻ ആവശ്യപ്പെട്ടു.
ഇന്ത്യയ്‌ക്കെതിരെ നിരവധി ആരോപണങ്ങൾ റാണ തന്റെ ഹർജിയിൽ ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ ബിജെപി സർക്കാർ മതന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും, സർക്കാർ സ്വേച്ഛാധിപത്യത്തിന്റെ പാതയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ വംശജനായ ഒരു മുസ്ലീമായതിനാൽ തന്നെ ഇന്ത്യയ്ക്ക് കൈമാറിയാൽ അവിടെ പീഡിപ്പിക്കുമെന്ന് റാണ പറഞ്ഞു.
തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് അംഗീകാരം നൽകിയതായി കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം.