കൊച്ചി: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മുനമ്പം കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നതോടെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾക്കൊപ്പം ആരാണ് നിലകൊണ്ടതെന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്നും കെ രാജൻ പറഞ്ഞു.
ആതിഥ്യം സ്വീകരിച്ചും നുഴഞ്ഞുകയറിയും മുനമ്പത്തെ പ്രശ്‌നം പരിഹരിക്കരുത്. പ്രശ്‌നം ഉണ്ടായപ്പോൾ അത് പരിഹരിക്കാൻ സർക്കാർ ശരിയായ രീതിയിൽ ഇടപെട്ടിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാൻ മുനമ്പത്തെ ബിജെപി നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗവർണർ ബില്ലുകൾ തടഞ്ഞു വെയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെയും കെ രാജൻ പ്രതികരിച്ചു. ഗവർണർ പരമാധികാരിയല്ലെന്നും നിയമസഭയുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമസഭ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതമായി തടയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന ഗവർണർമാരുടെ നടപടി സുപ്രീം കോടതി വിധി തടഞ്ഞിരുന്നു. ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കേണ്ട സമയപരിധി കോടതി നിശ്ചയിച്ചു. ബില്ലുകളിൽ ഇനി പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ചയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.