എന്റെ കേരളം (കവിത): ജയൻ വർഗീസ്

ഒരു വശത്തുംഗ ഗിരി നിരാ ജാലവും
മറുവശത്തലയാഴി തൻ സംഗവും
മര നിരകളിൽ തത്തയും മൈനയും
കുറുകി നേദിച്ച സുപ്രഭാതങ്ങളും

ഇവിടെയുണ്ടെന്റെ കേരളം മകരന്ദ
കുളിരു കോരുന്ന മഞ്ഞും കുയിൽക്കിളി
കുരവ ‘ കൂ കൂ ‘ സ്വര രാഗ സംഗീത
കവിതയൂറുന്ന മാമ്പൂ മണങ്ങളും

തഴുകി സ്നേഹാർദ്ര ബന്ധുര സുസ്മിത
പ്പുളക ജീവിതപ്പൂക്കള ഭംഗിയും,
ഒരു കവി വാക്യ ഗരിമയിൽ ദൈവത്തിൻ
അരുമ നാടിതു സർവ്വ ലോകത്തിനും !

കപട നായകർ കയ്യേറി കേരളാ
മുനി കുമാരികാ കന്യകാ മുത്തിനെ
വിഷ വിസർജ്ജന ക്രൂര ദംഷ്ട്രങ്ങളാൽ
നിണമണിയിച്ച കാല പ്രവാഹമേ,

മധു നനഞ്ഞൊരാ കോരകപ്പുല്ലിനെ
മതി മറന്നു നാവാർത്തിയാൽ നക്കിയ
ശര നിപജ്ഞതാ മുറിവിൽ നിന്നൊഴുകിയ
നിണമണിഞ്ഞതോ വർത്തമാനപ്പുഴ ?

ഒരു മതത്തിനും നീതിശാസ്ത്രത്തിനും
പരിണയിക്കുവാൻ വേണ്ടായെന്നാകിലും
തെരുവിൽ വിൽക്കുന്ന പെൺ ശരീരങ്ങളായ്
വിടുകയില്ലീ കരളിന്റെ മുത്തിനെ !

വരിക കാലവും കണ്വാശ്രമങ്ങളും
തഴുകി വാഴിച്ച കന്യകാ മുത്തിനെ
പെരു വഴിയിലെ യോടയിൽ തള്ളുമീ
കലിയുഗത്തിന്റെ കണ്ണുകൾ കുത്തുവാൻ.

അകലെ നീലച്ച മലകളിൽ സൂര്യന്റെ
കിരണ താലത്തിൽ പൂവും പ്രസാദവും
വരിക യോമൽത്തിടമ്പേ മൽ ജിവിത
പ്പകുതി പങ്കിടാൻ യാഥാർഥ്യ വേദിയിൽ !

Print Friendly, PDF & Email

Leave a Comment

More News