വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട 105 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകും.
മുട്ടില്‍ വയനാട് മുസ്ലിം ഓർഫനേജ് ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുക. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എംപി, അബ്ദു സമദ് സമദാനി എംപി, പി വി അബ്ദുൾ വഹാബ് എംപി, പി എം എ സലാം, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, കെ എം ഷാജി, പുനരധിവാസത്തിനായി സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നിയോഗിച്ച ഉപസമിതി കൺവീനർ പി കെ ബഷീർ എം എൽ, അംഗങ്ങളായ സി മമ്മൂട്ടി, പി കെ ഫിറോസ്, പി ഇസ്മായിൽ, ടി പി എം ജിഷാൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ദുരിതബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തിൽ തന്നെയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ ഗ്രാമത്തിലെ വെള്ളിത്തോട് പ്രദേശത്താണ് മുട്ടിൽ മേപ്പാടി പ്രധാന റോഡിനോട് ചേർന്നുള്ള ഈ ഭവന പദ്ധതി നടപ്പിലാക്കുന്നത്. വാങ്ങിയ 11 ഏക്കര്‍ സ്ഥലത്താണ് 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകള്‍ നിർമ്മിക്കുന്നത്. മൂന്ന് മുറികൾ, ഒരു അടുക്കള, മറ്റ് സൗകര്യങ്ങൾ എന്നിവ ഈ ഘടനയിൽ ഉൾപ്പെടും.
ശുദ്ധജല വിതരണം, വൈദ്യുതി, റോഡ് എന്നിവ ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വെള്ളിത്തോട് ഉപസമിതിയുടെ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് വയനാടൊന്നാകെ. രക്ഷാപ്രവര്‍ത്തനം മുതല്‍ പുനരധിവാസത്തിൻ്റെ ഓരോ ഘട്ടത്തിലും ദുരിതബാധിതര്‍ക്കൊപ്പം നിന്ന മുസ്ലിം ലീഗ് എല്ലാകാലവും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.