തിരുവനന്തപുരം: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി വിഷയത്തിൽ പ്രതികരിച്ചു. “ഇവിടെ പ്രധാന വിഷയം തന്റെ മകളാണ്. സിഎംആർഎൽ കമ്പനിക്ക് മകളുടെ കമ്പനി സേവനങ്ങൾ നൽകിയതും അതിന് പ്രതിഫലമായി ലഭിച്ച പണത്തിന് ആദായനികുതിയും ജിഎസ്ടിയും അടച്ചതും മാധ്യമങ്ങൾ അറിഞ്ഞില്ലെന്ന് നടിക്കുകയാണ്, അത് അറിയാമെങ്കിലും. ചെയ്യാത്ത സേവനമാണെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
മാസപ്പടി ഡയറിയിൽ പിവി എന്ന ഇനീഷ്യലുകൾ തന്റെ മേല്‍ ചര്‍ത്താനാണ് ശ്രമിക്കുന്നത്. ഡയറിയിൽ പേരുള്ള ചിലരെ കേസിൽ കുടുക്കാൻ ഒരേ പാർട്ടിയിലെ അവരുടെ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്. അതിന് തന്നെ കൂട്ടേണ്ട കാര്യമില്ല. ഇതു സംബന്ധിച്ചു കൂടുതല്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രശ്‌നം ഉടനെയൊന്നും തീരുമെന്നും കരുതുന്നില്ല. കോടതിയിലുള്ള പ്രശ്‌നം കോടതിയിലാണ് നേരിടേണ്ടത്.
അല്ലാതെ മാധ്യമങ്ങള്‍ വഴി തീര്‍ക്കുകയല്ല വേണ്ടത്. മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്‍റെ രക്തമാണ്. അത് കിട്ടില്ല. വീണ വിജയന്‍റെയും ബിനീഷ് കോടിയേരിയുടെയും പ്രശ്‌നം സമാനമല്ല. ഇതിന്‍റെ ലക്ഷ്യമെന്താണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
അതു കൊണ്ടാണ് തനിക്ക് പാര്‍ട്ടിയില്‍ പിന്തുണ ലഭിച്ചത്. കുറ്റപത്രത്തില്‍ തന്‍റെ പേര് കൂടി എഴുതി ചേര്‍ത്തതില്‍ നിന്നു തന്നെ ലക്ഷ്യം വ്യക്തം. കുറ്റപത്രത്തെ ഗൗരവമായി കാണുന്നില്ല. വിഷയത്തില്‍ കൂടുതല്‍ വിശദീകരിക്കാനില്ല. അസംബന്ധ ചോദ്യങ്ങള്‍ വേണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.