ന്യൂയോര്‍ക്ക്: 36-ാം ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സഭയ്ക്കു വേണ്ടി ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ കാതോലിക്കാദിന പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇടവക സെക്രട്ടറി ഗീവര്‍ഗീസ് ജേക്കബ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ഇടവക ഒന്നായി ഒറ്റശബ്ദത്തില്‍ സഭയോടും പിതാക്കന്മാരോടുമുള്ള കൂറും ബഹുമാനവും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ഇടവക ക്വയര്‍ കാതോലിക്കാ മംഗളഗാനം ജോസ് ഇടവറ്റത്തിന്‍റെ നേതൃത്വത്തില്‍ ആലപിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സണ്‍ഡേസ്കൂള്‍ ആഘോഷങ്ങളില്‍ പ്രശസ്ത പ്രസംഗകനും വാഗ്മിയും കൊളംബിയ യൂണിവേഴ്സിറ്റി പ്രഫസറും സണ്‍ഡേസ്കൂള്‍ ഏരിയ കോ-ഓര്‍ഡിനേറ്റര്‍, ബോര്‍ഡ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. അലക്സ് തോമസ് ആയിരുന്നു മുഖ്യാതിഥി. രഹസ്യ പ്രാര്‍ത്ഥന (ഫൈ ഫിംഗേഴ്സ് പ്രയര്‍) യുടെ രീതി വളരെ സരസമായി ഇടവക ജനങ്ങളെ ഉദ്ബോധിപ്പിക്കുകയുണ്ടായി.
സണ്‍ഡേസ്കൂള്‍ ഏരിയ-2 കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന മിനി സജി കോശി ഗസ്റ്റ് സ്പീക്കറായിരുന്നു. ശ്രീമതി കോശി തന്‍റെ പ്രസംഗത്തില്‍ ജാക്സണ്‍ ഹൈറ്റ്സ് ഇടവക കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി സണ്‍ഡേസ്കൂള്‍ മത്സരങ്ങളില്‍ ഒന്നാമതായി വിജയങ്ങള്‍ ഏറ്റുവാങ്ങുന്നതിനെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയുണ്ടായി. അതിന് കാരണക്കാരായ പ്രസിഡണ്ട് ഫാ. ജോണ്‍ തോമസ്, ഹെഡ്മാസ്റ്റര്‍ ബിജി വര്‍ഗീസ്, അസി. ഹെഡ്മിസ്ട്രസ് ശില്പ തര്യന്‍, സണ്‍ഡേസ്കൂള്‍ ടീച്ചേഴ്സ് എന്നിവരുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയുണ്ടായി.
ഇടവക സെക്രട്ടറി ഗീവര്‍ഗീസ് ജേക്കബ് എല്ലാവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. അമേരിക്കന്‍ ദേശീയഗാനം സെഫാനിയ തര്യനും ഇന്ത്യന്‍ ദേശീയഗാനം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിച്ച അന്നമ്മ തോമസും അമൃത റോയിയും ചേര്‍ന്ന് ആലപിച്ചു. പ്രോഗ്രാം എംസിമാരായി ആല്‍വിന്‍ സോറ്ററും ഹെലേന മാണിയും പ്രവര്‍ത്തിച്ചു. തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ റവ.ഫാ. ജോണ്‍ തോമസ് ഇടവക മുന്‍ വികാരി പരേതനായ ടി.എം. സഖറിയ അച്ചന്‍റെ കാലം മുതലേ മായല്‍ത്തോയോടനുബന്ധിച്ച് ചില്‍ഡ്രന്‍സ് ഡേ ആചരിക്കുന്ന പതിവ് ഇന്നും ഈ ഇടവകയില്‍ തുടരുന്നു എന്നത് അഭിമാനകരമായി പ്രസ്താവിക്കുകയുണ്ടായി. ഏകദേശം മുപ്പതോളം പരിപാടികള്‍ വളരെ ചിട്ടയായി, സമയോചിതമായി തീര്‍ക്കുവാന്‍ പ്രവര്‍ത്തിച്ച ജോസ് ഇടവട്ടം, അജയ് ജോസഫ്, ജോസ് മാത്യു, ഫെബിന്‍ ജോസ് എന്നിവര്‍ പ്രത്യേക അഭിനന്ദനം നേടി. സണ്‍ഡേസ്കൂള്‍ ടീച്ചേഴ്സിന്‍റെ ഗാനാലാപനവും കൊച്ചുകുട്ടികളുടെ ഫാഷന്‍ ഷോയും കുട്ടികളുടെ ഡബ്മാഷും പുതുമയുള്ള അവതരണങ്ങളായി.
സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജി വര്‍ഗീസ് എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിച്ചു. ജോണ്‍ തോമസ് അച്ചന്‍റെ ആശീര്‍വാദത്തോടു കൂടി പരിപാടികള്‍ അവസാനിക്കുകയും തുടര്‍ന്നു നടന്ന സ്നേഹവിരുന്നില്‍ എല്ലാവരും സംബന്ധിക്കുകയും ചെയ്തു.