കരിപ്പൂർ : വംശീയ ഉന്മൂലനത്തിനു കളമൊരുക്കുന്ന വഖ്‌ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥി യുവജനങ്ങളാണ് വിമാനത്താവളത്തിലേക്കുള്ള റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത്.
വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിലൂടെ പ്രകടനമായി വരുന്നതിനിടയിൽ പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജണ്ടാവുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രകടനം വിമാനത്താവളത്തിനു തൊട്ടടുത്തുള്ള നുഅമാൻ ജംഗ്ഷനിൽ വെച്ച് പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. ബാരിക്കേട് മറി കടന്നു മുന്നോട്ട് പോവാനുള്ള പ്രവർത്തകരുടെ ശ്രമത്തെ പോലീസ് ഗ്രനേഡും ജലപീരങ്കിയും ഉപയോഗിച്ച് നേരിട്ടു. അതോടെ പ്രവർത്തകർ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയായിരുന്നു.
ഉപരോധം നീണ്ടതോടെ സംസ്ഥാന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അടക്കമുള്ള സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി, സംസ്ഥാന സമിതിയംഗവും മലപ്പുറം ജില്ലാ പ്രസിഡന്റ്റുമായ സാബിഖ് വെട്ടം, എസ് ഐ ഒ സംസ്ഥാന സെക്രട്ടറിമാരായ അർഫദ് അലി, അസ്നഹ് താനൂർ, ജില്ലാ സമിതിയംഗം മുഹമ്മദ് ഷാഫി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ആൾ ഇന്ത്യ മുസ്‌ലിം പേർസണൽ ലോ ബോർഡ് അംഗവും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്റുമായ മലിക് മുഅതസിം ഖാൻ ഉപരോധം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മതസ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും നേരെയുള്ള അക്രമമാണ് വഖ്ഫ് ഭേദഗതി നിയമമെന്നും ഇത് അങ്ങേയറ്റം വിവേചനാത്മകമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിങ്ങളുടെ മതപരമായ ട്രസ്റ്റുകൾ നിയന്ത്രിക്കാനുള്ള സ്വയംഭരണാവകാശങ്ങളെ നിഷേധിക്കുമ്പോൾ മറ്റു സമുദായങ്ങൾക്ക് അപ്രകാരമുള്ള അവകാശങ്ങൾ അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു.
വഖ്ഫ് വിഷയത്തിൽ ഒരു വിഭാഗം ക്രൈസ്തവ സമുദായ നേതൃത്വം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും മുനമ്പം പ്രശ്നത്തെ മുൻനിർത്തിയാണോ ഇന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയത്തെ മനസ്സിലാക്കേണ്ടതെന്ന് സഭ നേതൃത്വം പുനരാലോചിക്കണം എന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി (CISRS) ഡയറക്ടർ ഫാദർ വൈ.ടി വിനയരാജ് പറഞ്ഞു.
ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ തന്ത്രം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് വാണിയമ്പലം, DCC എറണാകുളം ജില്ല വൈസ് പ്രസിഡന്റ്, ഡോ. ജിന്റോ ജോൺ, സാമൂഹിക പ്രവർത്തകൻ കെ. അംബുജാക്ഷൻ, സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി സഹൽ ബാസ് എന്നിവർ സംസാരിച്ചു.
നേരത്തെ ഉപരോധത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകർ വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും വാഹന ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു കൊണ്ട് കൊണ്ടോട്ടി ഡി.വൈ.എസ്.പി ആൾ കേരള ടൂറിസ്റ്റ് ബസ് അസോസിയേഷനുകൾക്ക് നോട്ടീസ് കൊടുത്തു ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു. കൂടാതെ വൻ പോലീസ് സന്നാഹവും ഒരുക്കിയിരുന്നെങ്കിലും അതിനെയെല്ലാം മറികടന്നു ആയിരങ്ങളാണ് ഉപരോധത്തിൽ പങ്കെടുത്തത്.
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, SIO സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, ജനറൽ കൺവീനർ ബിനാസ്, കൺവീനർ നവാഫ് പാറക്കടവ് എന്നിവർ നേതൃത്വം നൽകി.