മയാമി ക്നാനായ കാത്തലിക് അസോസിയേഷന്‍റെ പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി

മയാമി: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 5-ാം തീയതി ശനിയാഴ്ച വൈകുന്നേരം ക്നാനായ സെന്‍ററില്‍വെച്ച് നടത്തപ്പെട്ടു. കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് ജെയിംസ് ഇല്ലിക്കല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്നാനായ സമുദായത്തിന്‍റെ തനിമയും പാരമ്പര്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട് പുത്തന്‍ കര്‍മ്മപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ പുതിയ കമ്മറ്റിക്ക് കഴിയട്ടെയെന്ന് ജെയിംസ് ഇല്ലിക്കല്‍ ആശംസിച്ചു. കെ.സി.സി.എന്‍.എ.യുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് മിയാമി അസോസിയേഷന്‍റെ എല്ലാ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്നാനായ സമുദായത്തിന്‍റെ നിലനില്‍പ്പിന് യുവതലമുറയെ ആകര്‍ഷിക്കത്തക്ക പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കുവാന്‍ ജെയിംസ് ഇല്ലിക്കല്‍ ആഹ്വാനം ചെയ്തു.

അസോസിയേഷന്‍ പ്രസിഡന്‍റ് എബി തെക്കനാട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. തുടക്കം മുതല്‍ നാളിതുവരെ സംഘടനയ്ക്ക് നേതൃത്വം നല്‍കിയ മുന്‍കാല നേതാക്കളുടെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളെ എബി തെക്കനാട്ട് അനുസ്മരിച്ചു. 2026 ഡിസംബര്‍ 31 വരെ ഈ സംഘടനയില്‍പ്പെട്ട വിവാഹിതരായ ദമ്പതികളില്‍ പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു സ്വര്‍ണ്ണനാണയം പാരിതോഷികമായി നല്‍കുന്നതാണ്. കുട്ടികളെയും യുവജനങ്ങളെയും വനിതകളെയും അടക്കം എല്ലാവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യം. എല്ലാവരും നേതാക്കന്മാര്‍ അതാണ് നമ്മുടെ മുദ്രാവാക്യം എന്ന് എബി തെക്കനാട്ട് അദ്ധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍ക്കയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

സമുദായ വളര്‍ച്ചയ്ക്ക് സഭയും സംഘടനയും പരസ്പരം ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഫാ. സജി പിണര്‍ക്കയില്‍ നിര്‍ദ്ദേശിച്ചു. നാഷണല്‍ കൗണ്‍സില്‍ മെമ്പറും ആര്‍.വി.പിയുമായ അരുണ്‍ പൗവ്വത്തില്‍, ബില്‍ഡിംഗ് ബോര്‍ഡ് സെക്രട്ടറി സൈമണ്‍ മച്ചാനിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോഷ്വാ വെളിയന്‍തറയില്‍, സാന്ദ്ര മറ്റത്തില്‍ എന്നിവര്‍ എം.സി.മാരായിരുന്നു. സെക്രട്ടറി മഞ്ജു വെളിയന്‍തറയില്‍ സ്വാഗതവും, ട്രഷറര്‍ ജിബീഷ് മണിയാട്ടേല്‍ നന്ദിയും പറഞ്ഞു. കിഡ്സ് ക്ലബ് കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. വൈസ് പ്രസിഡന്‍റ് രാജന്‍ പടവത്തില്‍, ജോയിന്‍റ് സെക്രട്ടറി ഷെറിന്‍ പനന്താനത്ത്, വിമന്‍സ് ഫോറം പ്രസിഡന്‍റ് റോഷ്നി കണിയാംപറമ്പില്‍, പോഷകസംഘടനാ കോര്‍ഡിനേറ്റര്‍മാരായ സിമി താനത്ത്, സിംല കൂവപ്ലാക്കല്‍, ദീപു കണ്ടാരപ്പള്ളില്‍, നിക്സണ്‍ പ്രാലേല്‍, ബില്‍ഡിംഗ് ബോര്‍ഡ് ചെയര്‍മാന്‍ റോജി കണിയാംപറമ്പില്‍, യുവജനവേദി പ്രസിഡന്‍റ് ഇമ്മാനുവല്‍ ഓട്ടപ്പള്ളില്‍, കെ.സി.വൈ.എല്‍. പ്രസിഡന്‍റ് ആഗ്നസ് പനന്താനത്ത്, കിഡ്സ് ക്ലബ് പ്രസിഡന്‍റ് ആന്‍ജലീന പൗവ്വത്തില്‍, വിമന്‍സ് ഫോറം ആര്‍.വി.പി. ഷിനു പള്ളിപ്പറമ്പില്‍, മെബിന്‍ തടത്തില്‍, സജി മറ്റത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്‍റ് ജോര്‍ജ് നെല്ലാമറ്റം, മിയാമി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റുമാരായ സ്റ്റീഫന്‍ മുടീക്കുന്നേല്‍, ജോണി ചക്കാല, സിബി ചാണശ്ശേരില്‍, രാജു പാറാനിക്കല്‍, ബേബിച്ചന്‍ പാറാനിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സമ്മേളനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. സ്നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News